satheesan

​​​​തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുമ്പോൾ പുതുമുഖം വരണമെന്നുള്ള പ്രവർത്തകരുടെ വികാരത്തിനൊപ്പം ഹൈക്കമാൻഡ് നിൽക്കുമെന്ന് ഉറച്ച് വിശ്വസിച്ച് വി ഡി സതീശൻ ക്യാമ്പ്. ഉമ്മൻ‌ചാണ്ടി ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും രമേശ്‌ ചെന്നിത്തല തുടരട്ടെ എന്ന നിലപാട് സ്വീകരിച്ചപ്പോൾ രണ്ട് വിഭാഗത്തിലേയും ഭൂരിഭാഗം യുവ എം എൽ എ മാരും മാറ്റം വേണമെന്ന വികാരമാണ് എ ഐ സി സി നേതൃത്വവുമായി പങ്കുവച്ചതെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.

ഐ ഗ്രൂപ്പിലുളള യുവ എം എൽ എമാരെ കൂടാതെ എ ഗ്രൂപ്പിൽ നിന്നും മൂന്നു എം എൽ എമാരുടെ പിന്തുണയും വി ഡി സതീശന് ആയിരുന്നു. പി ടി തോമസും തിരുവഞ്ചൂർ രാധാകൃഷ്‌ണനും അവരവർ വരുന്നതിനെപ്പറ്റിയാണ് സംസാരിച്ചത്. ഭൂരിഭാഗം എം എൽ എ മാരും എം പി മാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മാറ്റം വേണം എന്നുള്ള നിലപാട് ആയതിനാൽ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും രമേശ്‌ ചെന്നിത്തല മാറുമെന്ന് ഉറപ്പായെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.

താക്കോൽ സ്ഥാനങ്ങളിൽ മാറ്റം വേണമെന്ന് പരസ്യനിലപാടെടുത്ത ഷാഫി പറമ്പിൽ എം എൽ എ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ നയം മാറ്റിയത് യൂത്ത് കോൺഗ്രസിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ ഇരുപത്തിനാല് ഭാരവാഹികൾ ഒപ്പിട്ട കത്ത് കഴിഞ്ഞദിവസമാണ് എ ഐ സി സിക്ക് കൈമാറിയത്. ഇതു വാർത്തയായതിന് പിന്നാലെ രമേശ്‌ ചെന്നിത്തല ഇടപെട്ട് ഐ ഗ്രൂപ്പ്‌ ഭാരവാഹികളിൽ ഒരു വിഭാഗത്തെകൊണ്ട് അദ്ദേഹത്തിന് അനുകൂലമായി എ ഐ സി സിയ്ക്ക് കത്ത് അയപ്പിച്ചെന്നും ആ നിലപാടിനൊപ്പം ഷാഫിപറമ്പിലും ശബരിനാഥും രമേശ്‌ ചെന്നിത്തലക്ക് വേണ്ടി കത്ത് നൽകിയെന്നുമാണ് എതിർപക്ഷത്തിന്‍റെ വാദം.

നേതൃമാറ്റം ആവശ്യപ്പെട്ട് ഇന്നലെയും ചില യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. വരുംദിവസങ്ങളിൽ കോൺഗ്രസ്‌ യുവജനരാഷ്ട്രീയം പ്രക്ഷുബ്‌ധമാകും എന്ന സൂചനയാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ നൽകുന്നത്. പ്രതിപക്ഷ നേതാവ് മാറിയാൽ പാർട്ടിയിൽ സമഗ്രമാറ്റം ഉണ്ടാകും. എന്നാൽ അത്‌ തന്‍റെേയും സ്ഥാനത്തെ ബാധിക്കും എന്ന് ചിന്തിക്കുന്നത് ഒരിക്കലും യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റിന് ചേർന്നതല്ലയെന്ന് ഷാഫിയെ എതിർക്കുന്നവർ പറയുന്നു.

പാർട്ടിയിൽ സമഗ്രമാറ്റം വേണം എന്നതരത്തിൽ മുന്നോട്ട് പോകാനും അതിന്‍റെ പേരിൽ സ്ഥാനങ്ങൾ നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നുമാണ് ചില യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ തീരുമാനം. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റ് നേതൃമാറ്റത്തിന് അനുകൂലമായ നിലപാടെടുത്തില്ലെങ്കിലും മുൻ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റുമാരായ എം എൽ എമാരുടെ നിലപാട് അംഗീകരിക്കുന്നുവെന്ന് ഇവർ പറയുന്നു.

എല്ലാ ഡി സി സികളിലും മാറ്റം വേണം എന്ന നിലപാടിൽ ഹൈക്കമാൻഡിന് ഇമെയിൽ പ്രവാഹമാണ്. പാർട്ടി നന്നാക്കാൻ സ്വന്തം സ്ഥാനം ത്യജിക്കാൻ പോലും ഭാരവാഹികൾ തയ്യാറാണ് എന്ന തലത്തിലേക്ക് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ മാറിയെന്നത് എ ഐ സി സി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തല മാറിയാൽ മാത്രമേ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാവുകയുളളൂ. കെ പി സി സി പ്രസിഡന്‍റും പോഷക സംഘടന പ്രസിഡന്‍റുമാരും പുതുമുഖങ്ങൾ വരുന്നതോടെ പാർട്ടിയിൽ സമഗ്രമാറ്റത്തിനും പുതിയ പ്രവർത്തനശൈലിക്കും തുടക്കം കുറിക്കുമെന്ന കണക്കുകൂട്ടലിലാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാർ.