ന്യൂഡൽഹി: കൊവിഡ് വകഭേദവുമായി ബന്ധപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ട്വീറ്റിനെതിരെ സിംഗപ്പൂർ രംഗത്ത്. സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് വകഭേദം ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമെന്നായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്. ഇതിനുപിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ച് സിംഗപ്പൂർ എതിർപ്പ് അറിയിച്ചു.
കൊവിഡ് പോരാട്ടത്തിൽ സിംഗപ്പൂരും ഇന്ത്യയും ശക്തമായ പങ്കാളികളാണെന്നും, ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പ്രതികരിച്ചു. 'കൊവിഡ് പോരാട്ടത്തിൽ സിംഗപ്പൂരും, ഇന്ത്യയും ശക്തമായ പങ്കാളികളാണ്. രാജ്യത്ത് ഓക്‌സിജൻ വിതരണത്തിനായുള്ള ലോജിസ്റ്റിക് ഹബായുള്ള സിംഗപ്പൂരിന്റെ പ്രവർത്തനത്തിന് അഭിനന്ദനം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ നിരുത്തരവാദപരമായ അഭിപ്രായങ്ങൾ പറയുന്നത് ബന്ധത്തെ തകർക്കും. അതിനാൽ ഞാൻ പറയുന്നു, ഡൽഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ല, 'വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.
Singapore and India have been solid partners in the fight against Covid-19.
Appreciate Singapore's role as a logistics hub and oxygen supplier. Their gesture of deploying military aircraft to help us speaks of our exceptional relationship. @VivianBala https://t.co/x7jcmoyQ5a— Dr. S. Jaishankar (@DrSJaishankar) May 19, 2021
സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കൊവിഡിന്റെ പുതിയ വകഭേദം കുട്ടികൾക്ക് അങ്ങേയറ്റം അപകടകരമാണെന്ന കാരണത്താൽ സിംഗപ്പൂരിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്നായിരുന്നു കേജ്‌രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.
'സിംഗപ്പൂരിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കുട്ടികൾക്ക് അങ്ങേയറ്റം അപകടകരമാണെന്ന് പറയപ്പെടുന്നു, ഇന്ത്യയിൽ ഇത് ഒരു മൂന്നാം തരംഗമായി വരാം. കേന്ദ്ര സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: 1. സിംഗപ്പൂരുമായുള്ള വിമാന സേവനങ്ങൾ റദ്ദാക്കണം, 2. കുട്ടികൾക്കും വാക്‌സിൻ നൽകണം '-എന്നായിരുന്നു ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തത്.