kuldeep

കാൺപൂർ: ഇന്ത്യൻ ടീമിലെ സ്‌പിൻ ബൗളർ കുൽദീപ് യാദവ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട സംഭവം വിവാദത്തിൽ. സ്ളോട്ട് ബുക്ക് ചെയ്‌ത കാൺപൂരിലെ ആശുപത്രിയിൽ നിന്നല്ലാതെ മ‌റ്റൊരിടത്ത് നിന്ന് കുൽദീപ് വാക്‌സിൻ സ്വീകരിച്ചു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കാൺപൂർ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം കുൽദീപ് യാദവ് സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌തത്.ചിത്രം കണ്ട ആരാധകർ ഇത് ആശുപത്രിയിലോ വാക്‌സിൻ സെന്ററിലോ അല്ലെന്ന് ആരോപണം ഉന്നയിച്ചു. എന്നാൽ ഇത് വാക്‌സിൻ സെന്ററാണെന്നായിരുന്നു കുൽദീപിന്റെ മറുപടി.

കാൺപൂർ ഗോവിന്ദ് നഗറിലുള‌ള ജഗേശ്വർ ആശുപത്രിയിലാണ് കുൽദീപ് സ്ളോട്ട് ബുക്ക് ചെയ്‌തത്. എന്നാൽ ചിത്രത്തിലുള‌ളത് കാൺപൂ‌ർ നഗർ നിഗം ഗസ്‌റ്റ് ഹൗസിലെതാണെന്നാണ് ഇതിനെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്.