കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുൻ പോളിറ്റ്‌ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മിറ ഭട്ടാചാര്യയ്‌ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുദ്ധദേവിനെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചതായി ബംഗാൾ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മിറാ ഭട്ടാചാര്യയെ ഇന്നലെ വൈകുന്നേരത്തോടെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇരുവരുടെയും ചികിത്സയ്‌ക്കായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും ചികിത്സ ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം നടപ്പാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു. അദ്ദേഹത്തെ പരിചരിച്ചിരുന്ന ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതി ഗൗരവമുളളതല്ല.
കഴിഞ്ഞ വർഷം ഒക്‌ടോബറിലും കഠിനമായ ശ്വാസംമുട്ടലും ശരീരത്തിലെ ഓക്‌സിജൻ അളവ് കുറഞ്ഞതുമായ ലക്ഷണങ്ങളെ തുടർന്ന് ബുദ്ധദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു ഫലം. ആറ് ദിവസത്തോളം ഗുരുതരാവസ്ഥയിലായിരുന്നു അന്ന് അദ്ദേഹം.