ന്യൂഡൽഹി: കമ്പ്യൂട്ടർ കോഡുകളാൽ നിർമ്മിതമായ സാങ്കല്‌പിക നാണയമായ (ഡിജിറ്റൽ/ക്രിപ്‌റ്റോകറൻസി) ബിറ്റ്‌കോയിന്റെ വില ഇന്നലെ 14 ശതമാനത്തോളം ഇടിഞ്ഞ് നാലുമാസത്തെ താഴ്‌ചയായ 25,000 ഡോളറിലേക്ക് (18.50 ലക്ഷം രൂപ) കൂപ്പുകുത്തി. കഴിഞ്ഞമാസം 61,455.98 ഡോളർ (45 ലക്ഷം രൂപ) വരെ ഉയർന്ന വിലയാണ് കഴിഞ്ഞ ഒരാഴ്‌ചയായി തകർന്നടിയുന്നത്.
സാധാരണ കറൻസിക്ക് സമാനമായി ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ അംഗീകരിച്ച ക്രിപ്‌റ്റോകറൻസിയാണ് ബിറ്റ്‌കോയിൻ. ക്രിപ്‌റ്റോയിൽ ഏറ്റവും നിക്ഷേപപ്രിയവും ഇതിനാണ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനും ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനി ടെസ്‌ലയുടെ സി.ഇ.ഒയുമായ എലോൺ മസ്‌ക് ബിറ്റ്‌കോയിന്റെ പ്രചാരകരിൽ മുന്നിലായിരുന്നു.
ബിറ്റ്‌കോയിൻ ഉപയോഗിച്ച് ടെസ്‌ല കാറുകൾ വാങ്ങാമെന്ന മസ്‌കിന്റെ പ്രഖ്യാപനം ബിറ്റ്‌കോയിന് കഴിഞ്ഞമാസങ്ങളിൽ വൻ കുതിപ്പേകിയിരുന്നു. എന്നാൽ, ബിറ്റ്‌കോയിൻ മൈനിംഗിന് (ഖനനം) ജൈവ ഇന്ധനച്ചെലവ് ഏറുന്നതിനാൽ കൈവിടുകയാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്‌തതാണ് വിലത്തകർച്ചയ്ക്ക് വഴിയൊരുക്കിയത്. കൈവശമുള്ള ബിറ്റ്‌കോയിൻ വിറ്റൊഴിയില്ലെന്ന് മസ്‌ക് വ്യക്തമാക്കിയെങ്കിലും തകർച്ച തടയാനായില്ല.
ചൈനയും കൈവിട്ടു
സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നതിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങളെ ചൈന വിലക്കിയതും ബിറ്റ്‌കോയിന് തിരിച്ചടിയായി. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 30 ശതമാനം ഇടിവാണ് ബിറ്റ്‌കോയിൻ നേരിട്ടത്. 60,000 കോടി ഡോളറും (44 ലക്ഷം കോടി രൂപ) നിക്ഷേപത്തിൽ നിന്ന് കൊഴിഞ്ഞു.
ഇന്ത്യയുടെ പിന്തുണയില്ല
കമ്പ്യൂട്ടർ കോഡുകളാൽ നിർമ്മിതമായതിനാലും നിയന്ത്രണ ഏജൻസികൾ ഇല്ലാത്തതിനാലും ഹാക്ക് ചെയ്യപ്പെടുന്നത് ഉൾപ്പെടെ ഒട്ടേറെ സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഇതുവരെ ക്രിപ്‌റ്റോകറൻസികൾ അംഗീകരിച്ചിട്ടില്ല. സുരക്ഷിതമായ, ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ നാണയം പുറത്തിറക്കാനുള്ള ശ്രമത്തിലുമാണ് റിസർവ് ബാങ്ക്.
സമ്പത്ത് കൊഴിഞ്ഞ് മസ്‌ക്
ബിറ്റ്‌കോയിനെ മസ്‌ക് കൈവിട്ടതോടെ, ടെസ്‌ലയുടെ ഓഹരിവിലയും ഇടിയുകയാണ്. പിന്നാലെ, മസ്‌കിന്റെ ആസ്‌തിയും ഇടിഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനെന്ന പട്ടവും പോയി. 19,000 കോടി ഡോളർ ആസ്‌തിയുമായി ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ് ഏറ്റവും സമ്പന്നൻ. 16,120 കോടി ഡോളറുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡായ എൽ.വി.എം.എച്ച് മേധാവി ബെർണാഡ് അർണോൾട്ട് രണ്ടാമതെത്തി. 16,060 കോടി ഡോളറാണ് മൂന്നാമതായ മസ്‌കിന്റെ സമ്പത്ത്.
ബിറ്റ്‌കോയിന്റെ സഞ്ചാരം
2008ൽ സതോഷി നകാമോട്ടോ എന്നയാളാണ് ബിറ്റ്‌കോയിൻ വികസിപ്പിച്ചത്. 2012 വരെ വില വെറും 12 ഡോളറോളമായിരുന്നു. 2018ൽ 10,000 ഡോളറും ഈ വർഷം ഏപ്രിലിൽ 61,000 ഡോളറും മറികടന്നു.