radhakrishnan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ വകുപ്പ് വിഭജന വാർത്തകൾ പുറത്ത് വരുമ്പോൾ ഏറ്റവുമധികം ചർച്ചയാകുന്നത് കെ രാധാകൃഷ്‌ണന് ദേവസ്വം വകുപ്പ് നൽകിയ മുഖ്യമന്ത്രിയുടെ തീരുമാനമാണ്. ഒന്നാം പിണറായി സര്‍ക്കാരിന് ഏറെ പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന വകുപ്പായിരുന്നു ദേവസ്വം. ശബരിമല വിവാദത്തിലടക്കം പഴികേട്ട സി പി എമ്മും മുഖ്യമന്ത്രിയും അഞ്ച് വർഷം കഴിയുമ്പോൾ പിന്നാക്ക വിഭാഗത്തിൽ നിന്നുളള ഒരാളെ ദേവസ്വം മന്ത്രിയാക്കുക വഴി തങ്ങളുടെ രാ‌ഷ്‌ട്രീയം ജനങ്ങൾക്കിടയിലേക്ക് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്.

ഏറെ കാലങ്ങളായി എൽ ഡി എഫ്-യു ഡി എഫ് സർക്കാരുകൾ മാറിമാറി വരുമ്പോൾ തിരുവിതാംകൂർ മേഖലയിൽ നിന്നുമുളള മുന്നാക്ക സമുദായംഗത്തിനായിരുന്നു ദേവസ്വം വകുപ്പ് ലഭിച്ചിരുന്നത്. ഒരുപക്ഷേ ഇടതുപക്ഷത്തിന്‍റെ ചരിത്രത്തിലാദ്യമായിരിക്കും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ദേവസ്വം മന്ത്രിയാവുന്നത്.

1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നാക്ക ക്ഷേമന്ത്രിയായ കെ രാധാകൃഷ്‌ണന്‍ നിലവില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്‍റുമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയമടക്കം ഇനിയും ചർച്ചയാകുമെന്നിരിക്കെയാണ് മുതിര്‍ന്ന സി പി എം നേതാവും ജനകീയനുമായ കെ രാധാകൃഷ്‌ണന്‍ ദേവസ്വം മന്ത്രിയാവുന്നത്.

2001,2006,2011 കാലത്തും ചേലക്കരയുടെ എം എല്‍ എ ആയ രാധാകൃഷ്‌ണന്‍ 2001ല്‍ ചീഫ് വിപ്പും, 2006 ല്‍ നിയമസഭാ സ്‌പീക്കറുമായിരുന്നു. 2016ല്‍ മത്സരിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും നറുക്ക് വീഴുകയായിരുന്നു. ദേവസ്വത്തിനൊപ്പം പാർലമെന്‍ററി കാര്യം കൂടിയാണ് രാധാകൃഷ്‌ണനെ ഏൽപ്പിച്ചിരിക്കുന്നത്. സഭാനാഥനായി പ്രവർത്തിച്ച പരിചയം പാർലമെന്‍ററികാര്യ മന്ത്രിയെന്ന നിലയിൽ രാധാകൃഷ്‌ണന് മുതൽക്കൂട്ടാകും. ഇതുവഴി നിയമസഭയിലെ പുതുമുഖവും സ്‌പീക്കറുമായ എം ബി രാജേഷിന് രാധാകൃഷ്‌ണൻ സഹായിയാകും എന്നാണ് പാർട്ടി വിലയിരുത്തൽ.