വീടിനെ ഏറ്റവും ഊഷ്മളമായ അനുഭവമാക്കുന്നത് അതിന്റെ നിറങ്ങളാണ്. വീടിന് നൽകുന്ന നിറങ്ങൾ നമ്മുടെതന്നെ സ്വപ്നങ്ങളുടെ വർണങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നിറങ്ങൾക്ക് വീട്ടിലെ താമസക്കാരുടെ മനസിനെ കാര്യമായി സ്വാധീനിക്കാൻ കഴിയും. അതിനാൽ വീടിന് മനസിനിണങ്ങിയ വർണം പകരും മുമ്പ് പെയിന്റുകളുടെ പൊതുസ്വഭാവത്തെക്കുറിച്ചും പെയിന്റിംഗ് എന്ന കലയെക്കുറിച്ചും നിശ്ചയമായും അറിഞ്ഞിരിക്കണം.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വീട് പെയിന്റു ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്നത്. ഒന്ന് വെയിൽ, മഴ എന്നിവയിൽ നിന്നുള്ള വീടിന്റെ സംരക്ഷണം. രണ്ട് വീട് മോടിപിടിപ്പിക്കാൻ അഥവാ ഡെക്കറേഷൻ, മൂന്നാമത്തേത് പരിസരശുചീകരണം. ഈ മൂന്നുകാര്യങ്ങളും ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടാൽ വീട് സുന്ദരമാകുന്നതിനോടൊപ്പം പെയിന്റിംഗ് ചെലവ് ദീർഘകാലാടിസ്ഥാനത്തിൽ കുറയ്ക്കുവാനും സാധിക്കും.
ഒരു വീട് പെയിന്റ് ചെയ്യുമ്പോൾ മൂന്നുതരം പ്രതലങ്ങളെയാണ് പ്രധാനമായും നേരിടേണ്ടി വരിക. ഒന്ന് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചത്. രണ്ട് തടികൊണ്ട് നിർമ്മിച്ചത്. മൂന്ന് സിമന്റ് നിർമ്മിത ഭിത്തികൾ. പ്രതലങ്ങളുടെ ഈ വ്യത്യാസമനുസരിച്ച് പെയിന്റും പെയിന്റിംഗ് രീതികളും വ്യത്യാസപ്പെടും. ലോഹ നിർമ്മിത പ്രതലങ്ങളാണ് ഏറ്റവും കൂടുതൽ ദ്രവിക്കുകയോ തുരുമ്പിക്കുകയോ ചെയ്യുന്നത്. അതുകൊണ്ട് അവയ്ക്ക് ഏറ്റവും നല്ല പ്രൈമർ കോട്ട് തന്നെ ഉപയോഗിക്കണം. ഇത് ലോഹം ദ്രവിച്ചുപോകുന്നത് തടയും എന്നു മാത്രമല്ല, പിന്നീട് അടിക്കുന്ന ഫിനിഷിംഗ് കോട്ടുകൾക്ക് നല്ല അടിസ്ഥാനം നൽകുകയും ചെയ്യും.
ജനൽ, വാതിൽ, കട്ടിളകൾ എന്നിവയ്ക്ക് വുഡ് പ്രൈമർ കോട്ട് ആവശ്യമാണ്. ഇത് തടികൊണ്ടുള്ള പ്രതലത്തെ നന്നായി സംരക്ഷിക്കും. പിങ്ക്,വെള്ള, ഗ്രേ എന്നീ നിറങ്ങളിൽ വുഡ് പ്രൈമർ കോട്ട് ലഭ്യമാണ്. ഫൈനൽ കോട്ടിന്റെ നിറമനുസരിച്ചു വേണം ഇത് തിരഞ്ഞെടുക്കാൻ. സാൻഡ് പേപ്പർ കൊണ്ട് നന്നായി പ്രതലം വൃത്തിയാക്കിയതിനുശേഷം വേണം പെയിന്റടിക്കാൻ. പ്ളാസ്റ്ററിംഗ് കഴിഞ്ഞ് കുറഞ്ഞത് മൂന്നുമാസം കഴിഞ്ഞേ ചുമരിൽ പെയിന്റ് ചെയ്യാവൂ. സിമന്റ് പ്ളാസ്റ്ററിൽ ധാരാളം ജലാംശം ഉള്ളതിനാൽ അത് പെയിന്റിന്റെ പ്രവർത്തനത്തെ വിപരീതമായി ബാധിക്കും. ഈർപ്പം നിറഞ്ഞ ചുമരിലാണ് പെയിന്റ് ചെയ്യുന്നതെങ്കിൽ ആദ്യം പ്രൈമർ അടിച്ച് ജലാംശം പൂർണമായി ഇല്ലാതാക്കുക. സിന്തറ്റിക് മീഡിയത്തിലുള്ള ഓയിൽ സിമന്റ് പ്രൈമറാണ് ഇതിന് ഏറ്റവും നല്ലത്. ഇത് ജലാംശം വളരെ വേഗം വലിച്ചെടുക്കും.
വൈറ്റ് സിമന്റും ഇതിനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ആദ്യത്തേതിനെ അപേക്ഷിച്ച് ചെലവും ജോലിയും അൽപ്പം കൂടും എന്നുമാത്രം. കാരണം വൈറ്റ് സിമന്റാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടുകോട്ട് അടിക്കേണ്ടിവരും. കൂടാതെ ഈ പ്രതലത്തിൽ ബ്രഷിന്റെ പാട് ധാരാളമായി ഉണ്ടാവുകയും ചെയ്യും. ഇത് മാറ്റാൻ കൂടുതൽ സ്ക്രാപ്പിംഗും രണ്ട് കോണ്ട് പ്രൈമറും ആവശ്യമായി വരും. അല്ലെങ്കിൽ വാൾപുരട്ടി ഉപയോഗിച്ച് പ്രതലം മിനുസമാക്കിയശേഷം ഫിനിഷിംഗ് കോട്ട് അടിച്ചാൽ മതി.