chacko

​തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷനാവും. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി ചാക്കോയെ അദ്ധ്യക്ഷനാക്കിയുളള നിർദേശത്തിന് അനുമതി നൽകിയത്. നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷൻ. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം എ കെ ശശീന്ദ്രന് എൻ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിർണായക നീക്കം നടത്തിയത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടർന്നാണ് തോമസ് കെ തോമസിന് രണ്ടരവർഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.

കോൺഗ്രസിൽ നിന്ന് അടുത്തിടെ എൻ സി പിയിലെത്തിയ ചാക്കോ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും ഇന്നലെ മന്ത്രിയെ തീരുമാനിച്ച യോഗത്തിൽ അദ്ദേഹത്തോട് പങ്കെടുക്കാൻ ശരത് പവാർ ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നൽകണമെന്നായിരുന്നു ടി പി പീതാംബരന്‍റെ പ്രധാന ആവശ്യം. എന്നാൽ ശശീന്ദ്രൻ മന്ത്രിയും പി സി ചാക്കോ സംസ്ഥാന അദ്ധ്യക്ഷനുമാകുന്നതോടെ എൻ സി പിയിൽ ചാക്കോയുടെ നേതൃത്വത്തിൽ പുതിയ ചേരി രൂപപ്പെടുകയാണ്.