ബ്രസീലിയ : കൊവിഡ് രണ്ടാം തരംഗത്തിൽ ബ്രസീലിൽ കുട്ടികളിലുണ്ടാവുന്ന അസുഖ ബാധയാണ് ഏറെ ചർച്ചായാവുന്നത്. കൊവിഡ് ബാധിച്ച് ബ്രസീലിൽ മരണപ്പെടുന്ന കുട്ടികൾ മറ്റേത് രാജ്യത്ത് സംഭവിക്കുന്നതിനെക്കാളും വളരെ ഉയർന്നിരിക്കുന്നു എന്നതാണ് വിദഗ്ദ്ധരെ ഇതിനെ കുറിച്ച് പഠിക്കുവാൻ നിർബന്ധിതരായത്. പ്രത്യേകിച്ച് കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ പ്രകടമാക്കാത്ത കുട്ടികളിൽ പോലും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയാണ് ഇവിടെ.
കൊവിഡ് ആരംഭിച്ചതിന് ശേഷം അഞ്ചുവയസിന് താഴെ പ്രായമുള്ള 832 കുട്ടികൾ മരണപ്പെട്ടു എന്ന വിവരമാണ് ബ്രസീലിന്റെ ആരോഗ്യ മന്ത്രാലയം നൽകുന്നത്. എന്നാൽ ഇതിലും അധികമാണ് അവിടെ സംഭവിക്കുന്ന മരണങ്ങളെന്നാണ് മറ്റു ചില റിപ്പോർട്ടുകൾ. ബ്രസീലിനെക്കാളും ജനസംഖ്യയുള്ള അമേരിക്കയിൽ 139 കുട്ടികളാണ് ഇക്കാലയളവിൽ കൊവിഡിന് കീഴ്‌പ്പെട്ട് മരണപ്പെട്ടത്. ബ്രസീലിൽ കുട്ടികൾക്കിടയിൽ മരണസംഖ്യ കണക്കാക്കുന്ന ഒരു പഠനത്തിന് നേതൃത്വം നൽകുന്ന മരിൻഹോയുടെ അഭിപ്രായത്തിൽ 2200 ൽ അധികം കുട്ടികൾ മരണപ്പെട്ടു എന്നാണ്. ഇതിൽ 1600 പേരും ഒരു വയസിൽ താഴെയുള്ളവരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ബ്രസീലിലെ കുട്ടികളുടെ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ ഉയർന്നതാണെന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്. കുട്ടികളെ എളുപ്പത്തിൽ കീഴ്‌പ്പെടുത്തുന്നത് ബ്രസീലിലുള്ള വൈറസിന്റെ വകഭേദത്തിന്റെ പ്രവർത്തനം നിമിത്തമാകാനും സാദ്ധ്യതയുണ്ട്. ഇപ്പോൾ ബ്രസീലിൽ കണ്ടുവരുന്ന പി 1 വകഭേദം ഗർഭിണികളായ സ്ത്രീകളിൽ ഉയർന്ന മരണനിരക്കിന് കാരണമാകുന്നുണ്ട്. കൊവിഡ് ഉളള സ്ത്രീകൾ വൈറസ് ബാധിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുണ്ടെന്ന് കാമ്പിനാസിലെ സാവോ ലിയോപോൾഡോ മാൻഡിക് കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആൻഡ്രെ റിക്കാർഡോ റിബാസ് ഫ്രീറ്റാസ് പറഞ്ഞു. 'പലപ്പോഴും, ഗർഭിണിയായ സ്ത്രീക്ക് വൈറസ് ഉണ്ടെങ്കിൽ, കുഞ്ഞ് അതിജീവിക്കുകയില്ല, അല്ലെങ്കിൽ അവർ രണ്ടുപേരും മരിക്കാം.' റിബാസ് ഫ്രീറ്റാസ് അഭിപ്രായപ്പെടുന്നു.
എന്നാൽ അസുഖ ബാധിതരായ കുട്ടികൾക്ക് വേണ്ടവിധത്തിൽ പരിചരണം ലഭിക്കാത്തതും മരണസംഖ്യ ഉയർത്താൻ കാരണമാവുന്നുണ്ട്. ബ്രസീലിലെ ദരിദ്ര മേഖലകളിൽ താമസിക്കുന്നവരിൽ ആരോഗ്യ ക്ഷമത വളരെ പരിമിതമാണ്. പലർക്കും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാനാവാത്തതും മരണസംഖ്യ ഉയരാൻ കാരണമാവുന്നുണ്ട്.