തിരുവനന്തപുരം: തദ്ദേശ സ്വയംഭരണവും എക്‌സൈസ് വകുപ്പും ലഭിച്ച എം വി ഗോവിന്ദൻ മാസ്റ്ററാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമൻ. സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഗോവിന്ദന്‍ മാസ്‌റ്റർ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇത്തവണ പിണറായി വിജയനൊപ്പം മന്ത്രിയായത്. കഴിഞ്ഞതവണ കെ കെ ശൈലജയും ഇ പി ജയരാജനും രാമചന്ദ്രൻ കടന്നപ്പളളിയും കണ്ണൂർ ജില്ലയിൽ നിന്നുളള മന്ത്രിസഭാംഗങ്ങളായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പല ജില്ലകളിലും പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട എം വി ഗോവിന്ദന്‍ ഏല്‍പ്പിച്ച ഓരോ ജോലിയും പൂര്‍ണ ഉത്തരവാദിത്വത്തോടെ നിറവേറ്റിയാണ് ഇത്തവണ തളിപ്പറമ്പിലേക്ക് മത്സരിക്കാനെത്തുന്നതും ഒടുവില്‍ മന്ത്രിസഭയുടെ രണ്ടാമനാവുന്നതും. തളിപ്പറമ്പില്‍ നിന്ന് ഇത് മൂന്നാം തവണയാണ് എം വി ഗോവിന്ദന്‍ നിയമസഭയിലെത്തുന്നത്.
ലൈഫ് മിഷനടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന വലിയ ഉത്തരവാദിത്വമാണ് തദ്ദേശസ്വയംഭരണ വകുപ്പിൽ എം വി ഗോവിന്ദന് മുന്നിലുള്ളത്. കൊവിഡ് പ്രതിരോധ രംഗത്ത് തദ്ദേശസ്ഥാപനങ്ങളുടെ ഏകോപനവും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമാണ്. കെ കെ ശൈലജ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിൽ സ്വാഭാവികമായും അവർക്കായിരുന്നു രണ്ടാംസ്ഥാനം ലഭിക്കേണ്ടിയിരുന്നത്. അതാണ് ഇപ്പോൾ എം വി ഗോവിന്ദന്‍റെ കൈകളിലേക്ക് എത്തിനിൽക്കുന്നത്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭയെ നയിക്കേണ്ടത് രണ്ടാമനാണ്. എന്നാൽ ഒന്നാം പിണറായി സർക്കാരിൽ അമേരിക്കയിൽ ചികിത്സയ്‌ക്ക് പോയപ്പോൾ അടക്കം ഭരണം രണ്ടാമനായ ഇ പി ജയരാജന് കൈമാറാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലെ മുതിർന്ന അംഗം കൂടിയാണ് എം വി ഗോവിന്ദൻ.