ഇറ്റാനഗർ: മൃഗശാലയിൽ കൂട് വൃത്തിയാക്കാൻ ഉളളിൽ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി. ആസാമിലെ ഇറ്റാനഗറിലെ ബയോളജിക്കൽ പാർക്കിലാണ് ഈ ദുരന്തമുണ്ടായത്. മൃഗശാലയിലെ ജീവനക്കാരൻ ലക്ഷ്‌മിപൂർ സ്വദേശിയായ പൗലാഷ് കർമ്മകർ(35) എന്നയാളാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് മൃഗശാല അധികൃതരും പൊലീസും പറയുന്നത് ഇങ്ങനെ. സാധാരണ കടുവയുടെ കൂട് വൃത്തിയാക്കുക പൗലാഷാണ്. കടുവയെ ഉളളിലുളള ചെറിയ കൂട്ടിലേക്ക് കയറ്റിയിട്ടാണ് കൂട് വൃത്തിയാക്കുക. ചൊവ്വാഴ്‌ചയും പതിവ് ജോലിക്കായി എത്തിയ പൗലാഷ് ഇത്തരത്തിൽ തുറന്ന കൂട് അടയ്‌ക്കാൻ മറന്നു. ഈ സമയം കൂട്ടിലെ പെൺകടുവ പൗലാഷിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 2.30ഓടെയാണ് സംഭവം. മൃഗശാല ഡോക്‌ടറും മറ്റ് ജീവനക്കാരും എത്തുമ്പോഴേക്കും പൗലാഷ് മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മൃഗശാല മേധാവി റയാ ഫ്ളാഗോ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി സ്ഥലത്തെ പൊലീസ് അറിയിച്ചു. പൗലാഷിന്റെ മൃതദേഹം അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടത്തും.
ചിപ്പി എന്ന എട്ട് വയസുളള പെൺകടുവയാണ് പൗലാഷിനെ കൊലപ്പെടുത്തിയത്. 2013ൽ മൃഗശാലയിലേക്ക് കൊണ്ടുവന്നതാണ് ഇതിനെ. ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും ചിപ്പിയിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.