രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും ചർച്ചാവിഷയമായിരിക്കുന്നത് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുവാൻ നിയോഗിക്കപ്പെട്ട വീണ ജോർജിനെ കുറിച്ചാണ്. കെ കെ ശൈലജ അതിഗംഭീരമായി കൈകാര്യം ചെയ്ത വകുപ്പിൽ അതേ മികവോടെ പ്രവർത്തിക്കുവാൻ പുതിയ മന്ത്രിക്കാകുമോ എന്നതാണ് പലരുടേയും സംശയം. എന്നാൽ 2018 ലെ കേരളം അതി ഭീകരമായ പ്രളയ കാലത്ത് സ്വന്തം മണ്ഡലത്തിൽ എത്താൻ സാഹസികമായി ടിപ്പർ ലോറിയിൽ കയറിയ വീണയുടെ പ്രവർത്തിക്ക് സാക്ഷ്യം വഹിച്ച അനുഭവം ഓർത്തെടുക്കുകയാണ് സാഹിത്യകാരൻ ബെന്യാമിൻ.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
2018 ലെ മഹാപ്രളയ ദിവസം. ഞാനന്ന് അതികാലത്ത് തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്ക് ഓടിപ്പാഞ്ഞ് വരികയാണ്. തലേ രാത്രി അച്ചൻകോവിൽ ആറ് കര കവിഞ്ഞ് ഒഴുകുന്നു എന്ന് വാർത്ത വന്നു. വീട്ടിനുള്ളിൽ വെള്ളം കയറിയോ എന്ന് പേടിയുണ്ട്. പന്തളത്ത് എത്തിയപ്പോൾ ആറ് ഒഴുകുന്നത് ജംഗ്ഷനിലൂടെയാണ്. മുറിച്ചു കടക്കാൻ ഒരു നിർവ്വഹവുമില്ല. അത്ര കുത്തൊഴുക്ക് ആണ്. എന്തു ചെയ്യണം എന്നറിയാതെ ആധി പൂണ്ട് നിൽക്കുമ്പോൾ അടുത്ത് ഒരു വണ്ടി കൂടി വന്നു നിന്നു. നോക്കുമ്പോൾ ആറന്മുള എം. എൽ. എ. വീണ ജോർജ് ആണ്. സഹായത്തിനു സന്നദ്ധ പ്രവർത്തകർ ഒന്നും എത്തിയിട്ടില്ല. അപ്പുറം കടക്കാൻ ഒരു വഴിയും കാണുന്നില്ല. 'എനിക്ക് എത്രയും പെട്ടെന്ന് ആറന്മുള എത്തണം. അവിടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരം ആണ്' എന്ന് വീണ ആവലാതി പെട്ടുകൊണ്ടേ ഇരുന്നു.
അപ്പോൾ ആണ് ആ വഴി ഒരു ടിപ്പർ ലോറി വരുന്നത്. 'എന്നെ ഒന്ന് അപ്പുറം എത്തിക്കുമോ' വീണ അവരോട് ചോദിച്ചു. നല്ല ഒഴുക്കാണ് എന്നാലും ശ്രമിക്കാം എന്ന് ഡ്രൈവർ. അവർ ആ ലോറിക്കുള്ളിലേക്ക് വല്ല വിധേനയും വലിഞ്ഞു കയറി. ഡ്രൈവർ വീണയെ അപ്പുറം എത്തിക്കുകയും ചെയ്തു. പിന്നെ വെള്ളം ഇറങ്ങുവോളം വീണ ആറന്മുളയിലെ സാധാരണക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ സാമൂഹിക അടുക്കള എന്ന ആശയം ഉൾപ്പെടെ പ്രാവർത്തികം ആക്കിക്കൊണ്ട്. ചുമ്മാതെ അല്ല അവർ കഴിഞ്ഞ തവണത്തെക്കാൾ മൂന്നിരട്ടി ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ഏല്പിക്കുന്ന ഉത്തരവാദിത്തം നിറഞ്ഞ മനസോടെ ഏറ്റവും ഭംഗിയായി നിർവ്വഹിക്കാൻ അവർക്ക് കെല്പുണ്ട്. അത് മനസിലാക്കി ആവണം ആരോഗ്യമന്ത്രി എന്ന വലിയ ചുമതല വീണയെ ഏല്പിച്ചിട്ടുള്ളതും. ശൈലജ ടീച്ചറുടെ പിൻഗാമി ആവുക എന്നത് വലിയ വെല്ലുവിളി തന്നെ ആണ്. പ്രത്യേകിച്ചും ഈ മഹാമാരിയുടെ കാലഘട്ടത്തിൽ. എന്നാൽ വീണയ്ക്ക് അത് സാധ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അവർക്ക് സാധാരണക്കാരുടെ മനസ് തിരിച്ചറിയാൻ ഉള്ള മനസുണ്ട്. ഇറങ്ങി പ്രവർത്തിക്കാൻ ഉള്ള സന്നദ്ധത ഉണ്ട്. വെല്ലുവിളികളുടെ കാലഘട്ടത്തിലെ പുതിയ ആരോഗ്യവകുപ്പ് മന്ത്രിക്ക് ആശംസകൾ