തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിസഭാ രൂപീകരണത്തിന് തൊട്ടുമുമ്പ് അവസരം നഷ്‌ടമായ കെ കെ ശൈലജയ്‌ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാകും. കെ എന്‍ ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദുവിനുമായിരിക്കും.
യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ നീക്കമാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. വകുപ്പ് വിഭജിക്കുന്നതിലും ധീരമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പ്രധാനപ്പെട്ട വകുപ്പുകളാണ് ഘടകക്ഷികൾക്ക് അടക്കം നൽകിയത്.
ആന്‍റണി രാജുവിന് ഗതാഗതമാണ് നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഈ വകുപ്പിന്‍റെ പുതിയ മന്ത്രിയായി ഗണേഷ്‌കുമാര്‍ അധികാരത്തിലെത്തും. അഹമ്മദ് ദേവര്‍കോവിലിന് കൊടുത്തിരിക്കുന്നത് തുറമുഖവും മ്യൂസിയവുമാണ്. കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു ഈ വകുപ്പുകളുടെ ചുമതല. അഹമ്മദ് ദേവര്‍കോവിലിന്‍റെ രണ്ടരവര്‍ഷം പൂര്‍ത്തിയായാല്‍ അടുത്ത രണ്ടരവര്‍ഷം ഈ വകുപ്പുകള്‍ കടന്നപ്പള്ളിക്ക് തന്നെ ലഭിക്കും. മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താതെ തന്നെ മന്ത്രിസഭാ പുനഃസംഘടന നടത്താന്‍ ഇതിലൂടെ ഇടത് സര്‍ക്കാരിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ മന്ത്രിസഭയില്‍ എം എം മണിയുടെ കൈയിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജനതാദളിലെ കൃഷ്‌ണൻകുട്ടിക്കാണ് നൽകിയത്. സി പി ഐയുടെ കൈവശമിരുന്ന വനം വകുപ്പ് അവരുടെ അനുവാദത്തോടെ എൻ സി പിക്ക് കൈമാറി.
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയൻ - മുഖ്യമന്ത്രി, പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി
കെ എൻ ബാലഗോപാൽ - ധനകാര്യം
വീണ ജോർജ് - ആരോഗ്യം
പി രാജീവ് -വ്യവസായം, നിയമം
കെ രാധാകൃഷണൻ - ദേവസ്വം, പാർലമെന്‍ററി കാര്യം, പിന്നാക്കക്ഷേമം
ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസം
വി ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ
എം വി ഗോവിന്ദൻ - തദ്ദേശസ്വയംഭരണം, എക്സൈസ്
പി എ മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം
വി എൻ വാസവൻ - സഹകരണം, രജിസ്ട്രേഷൻ
കെ കൃഷ്ണൻകുട്ടി - വൈദ്യുതി
ആന്‍റണി രാജു - ഗതാഗതം
എ കെ ശശീന്ദ്രൻ - വനം വകുപ്പ്
റോഷി അഗസ്റ്റിൻ -ജലവിഭവ വകുപ്പ്
അഹമ്മദ് ദേവർകോവിൽ - തുറമുഖം, പുരാവസ്‌തു, മ്യൂസിയം
സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം
വി അബ്‌ദു റഹ്‌മാൻ - ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ ചിഞ്ചുറാണി -ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
കെ രാജൻ - റവന്യു
പി പ്രസാദ് - കൃഷി
ജി ആർ അനിൽ - ഭക്ഷ്യം, സിവിൽ സപ്ലൈസ്