tigress

ഇറ്റാനഗർ: കൂട് വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരനെ പെൺകടുവ ആക്രമിച്ച് കൊലപ്പെടുത്തി. അസാം ഇ‌റ്റാനഗറിലെ ബയോളജിക്കൽ പാർക്കിലാണ് സംഭവം. മൃഗശാലാ ജീവനക്കാരനും ലക്ഷ്‌മിപൂർ സ്വദേശിയുമായ പൗലാഷ് കർമാകറാണ് (35) മരിച്ചത്. ചിപ്പി എന്ന എട്ട് വയസുള‌ള റോയൽ ബംഗാൾ പെൺകടുവയാണ് ആക്രമിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കടുവയുടെ കൂട് പതിവായി വൃത്തിയാക്കുന്നത് പൗലാഷാണ്. കടുവയെ അകത്തുള്ള ചെറിയ കൂട്ടിലേക്ക് കയറ്റിയിട്ടാണ് വലിയ കൂടും സമീപത്തെ ചെറിയ കുളവുമെല്ലാം വൃത്തിയാക്കുക. എന്നാൽ ചൊവ്വാഴ്ച ജോലിക്കിടെ ചെറിയ കൂടിന്റെ വാതിലടയ്ക്കാൻ പൗലാഷ് മറന്നു. കൂടിന് വെളിയിലെത്തിയ പെൺകടുവ പൗലാഷിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

മൃഗശാല ഡോക്‌ടറും മ‌റ്റ് ജീവനക്കാരും എത്തുമ്പോഴേക്കും പൗലാഷ് മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മൃഗശാല മേധാവി റയാ ഫ്ളാഗോ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

2013ൽ മൃഗശാലയിലെത്തിയ ചിപ്പി ഇതിന് മുമ്പ് ആരെയും ആക്രമിച്ചില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.