ടെൽഅവീവ്: പാലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങൾ നിറുത്താൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അന്താരാഷ്ട്രതലത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതിനെ തുടർന്നാണിതെന്നാണ് സൂചന.
ഇസ്രയേലിന്‍റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പറഞ്ഞെങ്കിലും അധികകാലം ഈ പിന്തുണ തുടരാനാവില്ലെന്ന് ബൈഡൻ വ്യക്തമാക്കിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. നിരപരാധികളായ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ഇസ്രയേലിനോടു ആവശ്യപ്പെട്ടതായും വൈറ്റ് ഹൗസ് വ്യക്തമാക്കി.ആക്രമണം നിറുത്താൻ ഫെഡറൽ സർക്കാർ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു. വെടിനിറുത്തലിനെ പ്രസിഡന്റ് പിന്തുണച്ചു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുന്ന കാര്യവും സംസാരിച്ചു - വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, പാലസീതിനിൽ 63 കുട്ടികളക്കം 217 പേർ ഇതുവരെ കൊല്ലപ്പെട്ടു. 1400ലധികം പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ഹമാസ് 3,700 റോക്കറ്റുകൾ വർഷിച്ചെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ കണക്ക്. ഇതിൽ പകുതിയിലേറെയും ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ച് തകർത്തു.
@ തീരുമാനത്തിലെത്താതെ സുരക്ഷാ സമിതി
ഇസ്രയേൽ - പാലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി യോഗം തീരുമാനത്തിലെത്താതെ പിരിഞ്ഞു. എന്നാൽ, ഇസ്രയേലിന്റെ അയൽ രാജ്യങ്ങളായ ഈജിപ്റ്റുമായും ജോർദാനുമായും ചേർന്ന് വെടിനിറുത്തൽ നടപ്പിലാക്കാനുള്ള നിർദ്ദേശം ഫ്രാൻസ് അവതരിപ്പിച്ചെന്നും ചൈന ഇതിനെ പിന്തുണച്ചെന്നും സൂചനകളുണ്ട്. കൂടാതെ, ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ച ഇന്നലെ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗം, ഉടൻ വെടിനിറുത്തൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
@ പ്രതിഷേധവുമായി അറബ് വംശജർ
ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും അറബ് വംശജർ പ്രതിഷേധിച്ചു. റമല്ലയടക്കമുള്ള നഗരങ്ങളിൽ കടകളടച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഗാസയില്‍ കുടിവെള്ളവും മരുന്നുകളും തീരുകയാണ്. ഏക കൊവിഡ് പരിശോധന ലാബും ഇസ്രയേലിന്‍റെ ആക്രമണത്തിൽ തകര്‍ന്നു. അഴുക്കുചാലുകൾ തകർന്നതോടെ മലിനജലം വീടുകളിലേക്ക് ഒഴുകുകയാണ്. സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് സാധാരണ ജനം കടന്നു പോവുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.