ന്യൂഡൽഹി: ഒന്നാംഘട്ട വാക്‌സിൻ സ്വീകരിച്ചവരിൽ കൊവിഡ് രോഗം ബാധിച്ചവർക്ക് രോഗമുക്തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവർക്ക് വാക്‌സിൻ സ്വീകരിക്കാനാകുക. വാക്‌സിൻ വിതരണത്തിനുളള വിദഗ്ദ്ധ സമിതിയുടെ ഈ നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.
ഇതോടൊപ്പം മുലയൂട്ടുന്ന സ്‌ത്രീകൾക്കും വാക്‌സിനേഷൻ ശുപാർശ ചെയ്യുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരായവർക്ക് രണ്ടാംഘട്ട വാക്‌സിനേഷന് മുൻപായി റാപ്പിഡ് ആന്റിജൻ പരിശോധന ഉണ്ടാകില്ല.
രോഗം ഭേദമായി പ്ളാസ്‌മ നൽകി ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജാകുന്ന രോഗികളും മൂന്ന് മാസത്തിന് ശേഷം മാത്രം വാക്‌സിൻ സ്വീകരിച്ചാൽ മതിയാകും. രോഗം ഭേദമായ ശേഷം മറ്റെന്തെങ്കിലും ഗൗരവകരമായ രോഗമുളളവർ നാല് മുതൽ എട്ട് ആഴ്‌ചകൾ വരെ കഴിഞ്ഞ് വാക്‌സിൻ സ്വീകരിച്ചാൽ മതി. എന്നാൽ രോഗം ഭേദമായ ഒരാൾക്ക് വാക്‌സിൻ ലഭിച്ച ശേഷമോ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ച് 14 ദിവസത്തിനകമോ രക്തം ദാനം ചെയ്യാനാകും.
എന്നാൽ ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ആലോചനകളിലാണെന്നും തീരുമാനം അറിയിക്കാറായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.