നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും
ദുബായ്: ഇന്ത്യൻ പ്രവാസികളുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയിൽ വിദേശികൾക്ക് ഇനി സമ്പൂർണ ഉടമസ്ഥതയിൽ 'സ്വന്തം കമ്പനി" തുടങ്ങാം. ഇതു സംബന്ധിച്ച നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ വാർത്താ ഏജൻസിയായ 'വാം" റിപ്പോർട്ട് ചെയ്‌തു. ഇതുവരെ യു.എ.ഇ പൗരന്മാരുടെ ഓഹരി പങ്കാളിത്തത്തോട് കൂടിയേ കമ്പനികൾ തുടങ്ങാനാകുമായിരുന്നുള്ളൂ.
വാണിജ്യ-വ്യവസായ രംഗത്ത് യു.എ.ഇയുടെ മത്സരക്ഷമത കൂടുതൽ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടും ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയെന്ന യു.എ.ഇ സർക്കാരിന്റെ നയത്തിന്റെ ഭാഗമായുമാണ് കൊമേഴ്‌സ്യൽ കമ്പനീസ് നിയമഭേദഗതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ-മാറി പറഞ്ഞു. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് ചെയർമാൻ യു.എ.ഇ പൗരനാകണമെന്നും ബോർഡിൽ ഭൂരിപക്ഷവും തദ്ദേശീയർ ആകണമെന്നുമുള്ള വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷമാണ് സുപ്രധാന നിയമഭേദഗതി യു.എ.ഇ പ്രഖ്യാപിച്ചത്. യു.എ.ഇയെ കൂടുതൽ നിക്ഷേപസൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. മികച്ച നിക്ഷേപകർക്ക് പൗരത്വം അല്ലെങ്കിൽ 10-വർഷ വിസ ഓഫറും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധിമൂലം നിയമം നടപ്പാക്കുന്നത് വൈകുകയായിരുന്നു. 2018ൽ യു.എ.ഇ നടപ്പാക്കിയ വിദേശ നിക്ഷേപ നിയമപ്രകാരം വിദേശികൾക്ക് ചില മേഖലകളിൽ 100 ശതമാനം ഉടമസ്ഥതയോടെ കമ്പനികൾ തുടങ്ങാൻ അനുവദിച്ചിരുന്നു. 'ഫ്രീ സോൺസ്" എന്നറിയപ്പെടുന്ന ബിസിനസ് പാർക്കുകളിൽ രജിസ്‌റ്റർ ചെയ്യുന്നവർക്കായിരുന്നു അനുമതി.
44% മുന്നേറ്റം
കഴിഞ്ഞവർഷം ആഗോളതലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 46 ശതമാനം ഇടിഞ്ഞെങ്കിലും യു.എ.ഇയിലേക്കുള്ള നിക്ഷേപം 44 ശതമാനം വർദ്ധിച്ചു. 2,000 കോടി ഡോളറാണ് കഴിഞ്ഞവർഷം യു.എ.ഇ നേടിയത്.
80%
യു.എ.ഇയിലെ ജനസംഖ്യയിൽ 80 ശതമാനത്തോളവും വിദേശികളാണ്.