മെൽബൺ : ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പര ഈ വർഷം ഡിസംബർ എട്ടു മുതൽ നടക്കും.ആസ്ട്രേലിയയാണ് ഇക്കുറി ആതിഥ്യം വഹിക്കുന്നത്. കാണികൾക്ക് ഇക്കുറി പ്രവേശനം നൽകുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.
ബ്രിസ്‌ബെയ്‌നിലാണ് ആദ്യ ടെസ്റ്റ്. അഡ്‌ലെയ്ഡിൽ ഡേ ആൻഡ് നൈറ്റ് ആയിട്ടായിരിക്കും രണ്ടാമത്തെ മത്സരം. ബോക്‌സിംഗ് ഡേ ടെസ്റ്റ് മെൽബണിലാണ്. സിഡ്‌നിയിൽ നാലാം ടെസ്റ്റും പെർത്തിൽ അഞ്ചാമത്തെ ടെസ്റ്റും നടക്കും.
പരമ്പര നിലനിറുത്താനായാണ് ആസ്‌ട്രേലിയ ഇറങ്ങുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണത്തിലാണ് ഓസീസ്. ആഷസിലും പരാജയപ്പെട്ടാൽ ടിം പെയ്‌നിന്റെ ക്യാപ്ടൻ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 2018ലെ പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാകുന്ന സമയത്താണ് ആഷസിന് ആസ്‌ട്രേലിയ ഒരുങ്ങുന്നത്.