തിരുവനന്തപുരം: നേരിയ കൊവിഡ് ലക്ഷണമുള്ളവർക്ക് ചികിത്സ ലഭ്യമാക്കാൻ കിംസ്‌ ഹെൽത്ത് സർക്കാരുമായി സഹകരിച്ച് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കും. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ഉറപ്പാക്കാനാണിത്. 24 മണിക്കൂറും ഡോക്ടർ, നഴ്സ്, മറ്റ് സ്റ്റാഫുകൾ എന്നിവരുടെ സേവനവും ആവശ്യമായ മരുന്ന്, ഓക്‌സിജൻ, ആംബുലൻസ് സജ്ജീകരണങ്ങളും ബയോമെഡിക്കൽ ജനറൽ വേസ്റ്റ് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങളും സി.എഫ്.എൽ.ടി.സിയിൽ നൽകും. കൊവിഡ് രോഗികളെ അനുബന്ധമായി ശുചിമുറിയുള്ള വ്യത്യസ്‌ത മുറികളിൽ പരിചരിക്കും.

അഡ്മിഷൻ സമയത്തും കൃത്യമായ ഇടവേളകളിലും രോഗിയുടെ രക്തസമ്മർദ്ദം, ഓക്‌സിജന്റ് അളവ്, പൾസ്, താപനില, ശ്വാസോച്ഛ്വാസ നിരക്ക് ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധനകൾ നടത്തും. രോഗം വഷളാകുന്ന സാഹചര്യമുണ്ടെങ്കിൽ കൊവിഡ് ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യും. അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകളും സ്വീകരിക്കും. കിടക്കകളുടെ ലഭ്യത, അഡ്മിഷൻ, ഡിസ്ചാർജ്, റഫർ ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ കൃത്യമായി കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.