# ഉണ്ണി പി. രാജും കുടുംബവും കുടുങ്ങും
തിരുവനന്തപുരം: വെമ്പായത്ത് പ്രിയങ്കയെന്ന യുവതി വീട്ടിൽ തൂങ്ങിമരിക്കാനിടയായ സംഭവത്തിന് പിന്നിൽ ഭർത്തൃഗൃഹത്തിൽ നിന്നുണ്ടായ ക്രൂരമായ പീഡനമാണെന്നതിന്റെ തെളിവുകൾ പുറത്തായി. വഴക്കിനെ തുടർന്ന് യുവതിയെ ഒരു രാത്രി മുഴുവൻ വീടിന് പുറത്താക്കുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾക്ക് പുറമേ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പരിക്കുകളെപ്പറ്റി "വൂണ്ട് സർട്ടിഫിക്കറ്റിൽ" ഡോക്ടർ നൽകുന്ന സൂചനകളും കേസിൽ നിർണായകമാകും.
വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകൾ ജെ.പ്രിയങ്കയെ (25) ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് ശേഷമാണ് കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പി. രാജിനാണ് പ്രിയങ്കയുടെ ഭർത്താവ്. മരിക്കും മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ച വട്ടപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം കൂടുതൽ അന്വേഷണത്തിനായി അങ്കമാലി പൊലീസിന് കൈമാറി.
#ഒന്നര വർഷത്തെ ജീവിതത്തിനൊടുവിൽ മരണം
2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം.
പഠനത്തിൽ മിടുക്കിയായിരുന്ന പ്രിയങ്ക സ്കൂൾകാലത്തുതന്നെ സ്പോർട്സിലും കഴിവുതെളിയിച്ചിരുന്നു. നീന്തലിന്റെ നാടായിരുന്ന വെമ്പായത്ത് പ്രിയങ്കയും ഓളപ്പരപ്പിൽ മികവു തെളിയിച്ചു. നീന്തലിൽ തിളങ്ങിയതോടൊപ്പം തന്നെ ലുലു ഐ സ്കേറ്റിംഗിൽ നാഷണൽ ലെവലിൽ സമ്മാനം നേടാനും കഴിഞ്ഞു.
കായികാദ്ധ്യാപികയാകുകയെന്ന മോഹത്തിൽ കുറഞ്ഞതൊന്നും പ്രിയങ്ക ആഗ്രഹിച്ചിരുന്നില്ല.
അച്ഛൻ ഗോപാലകൃഷ്ണന്റ മരണശേഷം അമ്മ ജയ വീട്ടുജോലി ചെയ്താണ് മകളെ ബംഗളൂരുവിൽ അയച്ച് പഠിപ്പിച്ചത്. പഠനം പൂർത്തിയാക്കി അധികനാൾ കഴിയുന്നതിന് മുമ്പുതന്നെ അങ്കമാലി വില്ലേജ് ഒഫ് ഇന്റർനാഷണൽ സ്കൂളിൽ കായികാദ്ധ്യാപികയായി ജോലി കിട്ടി.
മികച്ച കായികാദ്ധ്യാപികയെന്ന നിലയിൽ മാത്രമല്ല, സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു പ്രിയങ്ക. വിവാഹശേഷം
കാക്കനാട്ടെ ഫ്ലാറ്റിലായിരുന്നു ഇവർ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റി.
#ധൂർത്തും അടിച്ചുപൊളിയും
വിവാഹ സമയത്ത് 35 പവന് പുറമേ പണവും നൽകിയിരുന്നു. സ്ത്രീധനമായി നൽകിയ പണവും സ്വർണവുമെല്ലാം ഒന്നരവർഷത്തിനകം ചെലവഴിച്ച് തീർത്ത ഉണ്ണിയും കുടുംബവും പണവും സ്വർണവും ആവശ്യപ്പെട്ട് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പ്രിയങ്കയുടെ വീട്ടുകാർ പറയുന്നു. മകളുടെ ഭാവിയും ജീവിതവും ഓർത്ത് കുടുംബശ്രീയിൽ നിന്ന്വായ്പയെടുത്തും പലരിൽ നിന്നും പണം കടം വാങ്ങിയും നിരവധി തവണ ആവശ്യപ്പെട്ട തുക ഉണ്ണിയ്ക്ക് കൈമാറിയതിന്റെ തെളിവുകളും വീട്ടുകാർ പുറത്തുവിട്ടു.
വീടിന് വാടക നൽകാനും ചെലവിനും പണമില്ലെന്ന് അറിയിച്ചപ്പോഴും പലതവണ ആവശ്യപ്പെട്ട പണം ഉണ്ണിയുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചുകൊടുത്തിരുന്നുവെന്നാണ് പറയപ്പെടുന്നത്.സീരിയൽ ആർട്ടിസ്റ്റായ ഉണ്ണി ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. കൊവിഡും ലോക്ക് ഡൗണും കാരണം സീരിയൽ നിർമ്മാണം മുടങ്ങിയതോടെ പണത്തിന് മുട്ടുവരുമ്പോഴെല്ലാം പ്രിയങ്കയെയാണ് സാമ്പത്തിക ആവശ്യം നിറവേറ്റാനുള്ള മാർഗമായി ഉണ്ണിയുടെ കുടുംബം കണ്ടതെന്ന് പ്രിയങ്കയുടെ അമ്മയും സഹോദരനും ആരോപിച്ചു. പണത്തിന്റെ പേരിൽ
ഭർത്തൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങൾ കൂടിയതോടെ പൊറുതിമുട്ടിയ പ്രിയങ്ക തന്നെകൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ പത്തിന് സഹോദരനോട് കരഞ്ഞുവിളിച്ചു.
ലോക് ഡൗൺനിയന്ത്രണങ്ങളെ തുടർന്ന് അങ്കമാലിയിലേക്ക് പെട്ടെന്ന് പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്
സഹോദരനെ വിളിച്ചറിയിച്ചെങ്കിലും ലോക്ഡൗൺ കാരണം എത്താൻ കഴിയാത്തതിനാൽ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കാനും പറഞ്ഞു.
ഇതുപ്രകാരം പ്രിയങ്ക പൊലീസ് സ്റ്റേഷനിൽ വിളിച്ച് തനിക്ക് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായി നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
#പൊലീസിൽ പരാതിപ്പെട്ടതിന് വീടിന് പുറത്താക്കി
പൊലീസിൽ പരാതിപ്പെട്ടതിന്റെ പേരിൽ പ്രിയങ്കയെ രാത്രി മുഴുവൻ ഭർത്താവ് ഉണ്ണിയും കുടുംബവും മുറ്റത്തു നിർത്തി. മുറ്റത്തുനിന്ന് ദൃശ്യങ്ങൾ പകർത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുത്തതോടെയാണ് പ്രിയങ്ക അനുഭവിക്കുന്ന ക്രൂരത കുടുംബത്തിന് ബോദ്ധ്യപ്പെട്ടത്.
സഹോദരനായ വിഷ്ണു വിവരം അങ്കമാലി പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാര്യങ്ങൾ അന്വേഷിച്ചു മടങ്ങിയെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. പ്രിയങ്കയോട് വീടിന്റെ സിറ്റൗട്ടിൽ കിടന്നുറങ്ങിക്കൊള്ളാൻ നിർദ്ദേശിച്ച് പൊലീസ് മടങ്ങി. എന്നാൽ, സിറ്റൗട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കാതെ പ്രിയങ്കയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് തന്റെ ഫോണിൽ സംഭവങ്ങളെല്ലാം വീണ്ടും വീഡിയോ റെക്കോർഡ് ചെയ്ത് സഹോദരന് അയച്ചു. ദൃശ്യങ്ങൾ കണ്ട് സംഭവത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ട സഹോദരൻ അടുത്തദിവസം അങ്കമാലിയിലെത്തി പ്രിയങ്കയെകൂട്ടിക്കൊണ്ടുവരികയായിരുന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. വീട്ടിലേക്ക് വരും വഴി കന്യാകുളങ്ങര ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ പ്രിയങ്ക തുടന്ന് വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടക്കത്തിൽ പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പൊലീസ് ഇവരെ അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സംഭവങ്ങളുടെ വീഡിയോയും പരിക്കുകളും ബോദ്ധ്യപ്പെട്ടതോടെ വട്ടപ്പാറ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തശേഷം അങ്കമാലിയിലേക്ക് കൈമാറുകയായിരുന്നു.
പ്രിയങ്കയുടെ ശരീരത്തിലുണ്ടായിരുന്ന മർദ്ദനത്തിന്റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തത്.
#പ്രിയങ്കയുടെ വീട്ടിലെത്തിയും ഉണ്ണിവില്ലനായി
മാസങ്ങൾക്ക് മുമ്പ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽവച്ചും ഉണ്ണി മർദ്ദിച്ചിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. 'ഒരു ദിവസം ബഹളം കേട്ട് എഴുന്നേറ്റു.അവർ തമ്മിൽ സംസാരിക്കുകയല്ലേന്ന് കരുതി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ മർദ്ദിക്കുന്ന ശബ്ദം കേട്ടു.കതകിൽ ചെന്ന് തട്ടിയപ്പോൾ കൊച്ചിനെ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പിന്നെ പോ തള്ളേന്നും പറഞ്ഞ് എന്നേം ഇടിച്ച്.'-അമ്മ പറഞ്ഞു.സ്ത്രീധന നിരോധന നിയമപ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉൾപ്പെടെ കേസെടുക്കാനാണ് പൊലീസ് നീക്കം. ഉണ്ണിയുടെ അമ്മയുൾപ്പടെയുള്ളവരെ കേസിൽ പ്രതിയാക്കിയേക്കും.
#അവസാനമെത്തിയ കോൾ ആരുടേത്?
നാട്ടിലെത്തിയ പ്രിയങ്ക
ക്രൂരമായ പീഡനത്തിന്റെ കഥകൾ ഒാരോന്നായി അമ്മയോട് പറഞ്ഞു. പൊലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയങ്കയും കുടുംബവും. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഇക്കഴിഞ്ഞ 12ന് ഒരു ഫോൺ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.
അവസാനം ഫോണിലേക്ക് വന്ന വിളിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം.