തിരുവനന്തപുരം: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ സമർപ്പിക്കാൻ കർണാടക ഹൈക്കോടതി കേസിലെ പ്രതി ബിനീഷ് കോടിയേരിയോട് ആവശ്യപ്പെട്ടു. കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ കൈമാറിയത് എന്തിനാണെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. ഇതിന്റെ വിശദമായ രേഖകൾ ആണ് ബിനീഷ് സമർപ്പിക്കേണ്ടത്. ബിനീഷ് നൽകിയ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതിയുടെ ഈ നിർദ്ദേശം.
എന്നാൽ, അനൂപിന് അഞ്ച് കോടി രൂപ ബിനീഷ് കൈമാറിയിട്ടില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാദം. ഇതിന്റെ രേഖകൾ നേരത്തെ സമർപ്പിച്ചതാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തരാം, അല്ലെങ്കിൽ ഹർജി തള്ളുമെന്ന് കോടതി പറഞ്ഞു. അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ 24 വരെ സമയം അനുവദിച്ചു. കാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ബിനീഷിന്റെ പ്രധാന വാദം.