kerala-highcourt

കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. നിലവില്‍ പങ്കെടുക്കാൻ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. എം.എല്‍.എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചടങ്ങ് നടത്തുന്നത് കോടതി വിലക്കിയിട്ടില്ല

അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാല്‍ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.