കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ഒരു ചിത്രം ട്വിറ്ററിൽ പ്രചരിച്ചത് വൻ ആശയക്കുഴപ്പത്തിനിടയാക്കി. രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച് ട്വിറ്ററിൽ നടന്ന ഒരു ചർച്ചയുമായി ബന്ധപ്പെട്ടാണ് ചിത്രം ട്വിറ്ററിൽ ചർച്ചയായത്. ഹോളിവുഡ് നടി ഡകോട്ട ജോൺസണും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ട്വിറ്ററിൽ പ്രചരിച്ചത്.
എന്നാൽ സംഭവത്തിനിടയാക്കിയത് ഇന്ത്യക്കാരിയായ ഒരു ട്വിറ്റർ ഉപയോക്താവ് തന്റെ അമ്മയ്ക്ക് 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന പ്രസിദ്ധമായ ഇറോട്ടിക് സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം കാണിച്ചു കൊടുത്ത അനുഭവം പങ്കുവെച്ചതോടു കൂടിയാണ്. ചിത്രത്തിലെ പെൺകുട്ടിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ പ്രണയത്തിലാണോ എന്നായിരുന്നു അമ്മയുടെ അപ്രതീക്ഷിതമായ ചോദ്യം. സിനിമയിൽ നായകവേഷത്തിൽ അഭിനയിച്ച ജാമി ഡോർനനും രാഹുൽ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യമാണ് അമ്മയെകൊണ്ട് ഈ ചോദ്യം ചോദിക്കാൻ കാരണമായത്.
ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡ് ആയി മാറിയ ഈ ചിത്രം ആദ്യം പങ്കുവെച്ചത് 'മീ ആൻഡ് ഹൂ' എന്ന ട്വിറ്റർ പ്രൊഫൈലിൽ നിന്നായിരുന്നു. ഡോർനൻ ഡക്കോട്ടയെ എടുത്തു നിൽക്കുന്ന ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖച്ഛായ രാഹുൽ ഗാന്ധിയെ ഓർമിപ്പിക്കുന്ന തരത്തിലാണ്. ഈ സാദൃശ്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കൾ അത് കൊണ്ടാടുകയായിരുന്നു. നിരവധി കമന്റുകളും ആളുകൾ ഈ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതുന്നുണ്ട്. രാഹുൽ ഗാന്ധിയ്ക്ക് ഒടുവിൽ ഒരു കാമുകിയുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ചിലർ കമന്റ് ചെയ്യുന്നത്. മറ്റു ചിലരാകട്ടെ രാഹുൽ ഗാന്ധിയ്ക്ക് വരെ കാമുകി ഉണ്ടായിട്ടും സിംഗിൾ ആയി കഴിയേണ്ടി വരുന്നതിലെ ദുഃഖം പങ്കുവെയ്ക്കുന്നു.
നോർത്തേൺ ഐറിഷ് നടനായ ജാമി ഡോർനൻ തന്റെ കരിയർ ഒരു മോഡലായാണ് ആരംഭിച്ചത്. 2006ൽ പുറത്തിറങ്ങിയ 'മാരി അന്റോയിനറ്റ്' ആണ് അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം. 2013 മുതൽ 2016 വരെ സംപ്രേക്ഷണം ചെയ്ത ദി ഫാൾ എന്ന ടി വി സീരീസിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടുന്നത്. അദ്ദേഹം നായകവേഷത്തിൽ അഭിനയിച്ച 'ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ' എന്ന സിനിമ ഹിറ്റായിരുന്നു.