തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ചടങ്ങിൽ വെർച്വലായി പങ്കെടുക്കും. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സാമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ ചടങ്ങ് കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ വീടുകളിൽ ബന്ദിയാക്കി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുപോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ സാന്നിദ്ധ്യമേ വേണ്ടെന്നത് ഔചിത്യമായില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. അത് കാത്തുസൂക്ഷിക്കാൻ അവർക്കായിട്ടില്ല. പുതിയ തുടക്കമാകുമ്പോൾ അവർ ഉണ്ടാകേണ്ടതായിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നില്ല, ഒന്ന് രണ്ട് പേർക്കെങ്കിലും പങ്കെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.