ന്യൂഡൽഹി: കൊവിഡ് പരിശോധന വീടുകളിൽ നടത്താനുള്ള റാപ്പിഡ് ആന്റിജെൻ ടെസ്റ്റിങ് കിറ്റിന് ഐസിഎംആർ അനുമതി നൽകി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനാ കിറ്റ് ഉടൻ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസാണ് കിറ്റ് ഇന്ത്യൻ വിപണിയിലെത്തിക്കുക.
രോഗലക്ഷണമുളളവരും, കൊവിഡ് ബാധിതരുമായി സമ്പർക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആർ അറിയിച്ചു. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാദ്ധ്യമാകുക.കിറ്റ് ഉപയോഗിക്കുന്നവർ മൈലാബ് കോവിസെൽഫ് എന്ന ആപ്പിൽ പരിശോധനാഫലം അറിയിക്കണം.
ടെസ്റ്റിൽ പോസിറ്റീവായാൽ വേറെ പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. ഇവർ ക്വാറന്റീനിലേക്ക് മാറണമെന്ന് ഐസിഎംആർ അറിയിച്ചു. പരിശോധന ലാബുകളിലെ തിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.