തിരുവനന്തപുരം: കൊവിഡ് സാഹചര്യം നിലനിൽക്കെ അഞ്ഞുറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വലിയ വേദിയാണെന്നും, ഇത്തരമൊരു ചടങ്ങിന് 500 വലിയ സംഖ്യയല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ഇപ്പോഴിതാ വിവാഹത്തിന് അഞ്ഞൂറ് പേരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അപേക്ഷ നൽകിയിരിക്കുകയാണ്. അഴൂർ പഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ചിറയിൻകീഴ് പൊലീസിനാണ് അപേക്ഷ നൽകിയത്.
ബുധനാഴ്ച രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതി തേടി ചിറയിൻകീഴ് എസ്ഐ നൗഫലിനെക്കണ്ട് അപേക്ഷ നൽകിയത്.
സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചു വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂൺ 15നാണ് വിവാഹം. അപേക്ഷയിൽ ഉന്നത പൊലീസ് അധികൃതരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്‌ഐ പറയുന്നത്.