mohanlal-pinarayi


ഇന്നാണ് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഈ വേളയിൽ ഒരു കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.


സൗഹൃദങ്ങളുടെ കാര്യത്തിലാണ് മോഹൻലാലിന് മുഖ്യമന്ത്രിയോട് അത്ഭുതം തോന്നിയത്. തനിക്കും പിണറായി സഖാവിനും ഇടയിൽ മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ. തിരിച്ച് പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല.

എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് തനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവർക്ക് രാഷ്ട്രീമോ വലിയ സ്വാധീനങ്ങളോ ഇല്ല. അവർ ഇടപെടുന്ന മേഖലുമായി സഖാവിനും ബന്ധമില്ല. രാജ്യത്തിന് പുറത്തും അദ്ദേഹത്തിന് സൗഹൃദങ്ങൾ ഉണ്ട്. അവരിൽ ചിലരെക്കുറിച്ച് തനിക്കറിയാമെന്നും മോഹൻലാൽ പറയുന്നു.

സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രമേൽ സൂക്ഷ്മത പുലർത്തുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും അദ്ദേഹത്തോട് ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്. അവർക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് എനിക്കിന്നും അത്ഭുതമാണ്. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയൻ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം-ഒരു മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ മോഹൻലാൽ കുറിച്ചു.