kk-shylaja-

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ ഏറെ ചർച്ചയാവുന്നത് വീണാ ജോർജിന്റെ മന്ത്രി സ്ഥാനമാണ്. വീണ ജോർജ് മന്ത്രിയായതിലല്ല, അവർക്ക് ലഭിച്ച വകുപ്പാണ് ചർച്ചയ്ക്ക് ആധാരം. കെ കെ ശൈലജ ടീച്ചർ കൈമുദ്ര പതിപ്പിച്ച ആരോഗ്യ വകുപ്പിനേ അതേ നിലവാരത്തിൽ കൊണ്ടുപോകുവാൻ വീണയ്ക്കാകുമോ എന്നതാണ് നിരവധി പേർ ഉയർത്തുന്ന ചോദ്യം. എന്നാൽ ഈ വെല്ലുവിളിയെ പുഞ്ചിരിയോടെ സ്വീകരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രി.

ആറന്മുള എം എൽ എയായി കഴിഞ്ഞ അഞ്ചുവർഷവും മികവ് പ്രകടിപ്പിച്ച വീണ ജോർജിന് ഇക്കുറി മന്ത്രി സ്ഥാനം ഏറെ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച വകുപ്പായിരുന്നു പലർക്കും ഞെട്ടലായത്. അതേസമയം 2016ലും വീണ ജോർജ് എന്ന പേര് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായിരുന്നു. മാദ്ധ്യമ ലോകത്ത് നിന്നും രാഷ്ട്രീയ മുൻപരിചയമൊന്നും ഇല്ലാത്ത വീണ പൊടുന്നനെ ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായതാണ് അന്ന് ചർച്ചയായത്. എന്നാൽ വീണയെ ഇടത് കൂടാരത്തിലേക്ക് എത്തിച്ചത് കെ കെ ശൈലജയായിരുന്നു എന്നതാണ് ഏറെ കൗതുകകരം.

കെ കെ ശൈലജ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃപദവിയിൽ പ്രവർത്തിച്ചപ്പോൾ നടത്തിയ സമ്മേളനങ്ങളിലെ സെമിനാറുകളിൽ വീണ ജോർജ് സ്ഥിര സാന്നിദ്ധ്യമായിരുന്നു. ശൈലജ ഇതിനായി വീണയെ സ്ഥിരമായി ക്ഷണിക്കുകയായിരുന്നു. ഇടതുവേദികളിൽ വീണയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്, ഇടതിന് വഴങ്ങാത്ത ആറന്മുള പിടിക്കാൻ വീണയെ നിയോഗിക്കുന്നത്. കോളേജ് പഠനകാലത്ത് വീണാ ജോർജ് എസ് എഫ് ഐ പ്രവർത്തനത്തിൽ പങ്കെടുത്തതും ഒരു കാരണമായി.

ശൈലജയുടെ പിൻഗാമിയായി എത്തുമ്പോഴും മികച്ച ആത്മവിശ്വാസത്തിലാണ് നിയുക്ത മന്ത്രി. ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത് വെല്ലുവിളിയല്ലേയെന്ന ചോദ്യത്തിന് ഏത് വകുപ്പ് ലഭിച്ചാലും നന്നായി പ്രവർത്തിക്കാൻ കഠിനപരിശ്രമം നടത്തുമെന്നായിരുന്നു വീണയുടെ മറുപടി.