ന്യൂഡൽഹി : കഴിഞ്ഞ വർഷമുണ്ടായ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. മുൻ ആഴ്ചകളിൽ നിന്നും ആശ്വാസമായി രോഗ ബാധിതരുടെ പ്രതിദിന കണക്കിൽ ഇപ്പോൾ കുറവു വന്നിട്ടുണ്ടെങ്കിലും മരണ നിരക്ക് കുറയാത്തത് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. എന്നാൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ നാൾ കുറിച്ചിരിക്കുകയാണ് വിദഗ്ദ്ധരിപ്പോൾ. അടുത്ത വർഷം ആദ്യം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ രൂപീകരിച്ചിരിക്കുന്ന മൂന്ന് അംഗ ശാസ്ത്രജ്ഞരുടെ പാനൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം ജൂലായ് മാസത്തോടെ അവസാനിക്കുമെന്നാണ്. മേയ് അവസാനമാകുമ്പോൾ രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് 1.5 ലക്ഷം കേസുകളായി കുറയും, ജൂൺ അവസാനത്തോടെ ഇത് 20000 കേസുകളായി ചുരുങ്ങുമെന്നും കണക്കാക്കുന്നു.
നിലവിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ഛാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിന്റെ പാരതമ്യത്തിലാണ്. ഇനി ഇവിടങ്ങളിലെ കേസുകൾ കുറയും. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ മേയ് അവസാനം വരെ കേസുകൾ വർദ്ധിക്കുമെന്നും അതിന് ശേഷം കുറയുമെന്നും ഐഐടി കാൺപൂരിലെ പ്രൊഫസർ മനീന്ദ്ര അഗർവാൾ അഭിപ്രായപ്പെടുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും തമിഴ്നാടിന് തുല്യമാണ് അവസ്ഥ.
കൊവിഡ് മൂന്നാം തരംഗം
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗവും വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ മൂന്നാമത്തെ തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാലയളവിൽ വാക്സിനേഷനിലൂടെ ജനങ്ങളിൽ പ്രതിരോധ ശേഷി കൈവരുന്നതിലൂടെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുവാൻ ഇടയില്ല.