pinaray-sandeep-varrier

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് ആശംസകളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാർക്കും ആശംസയറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, നാടിന്റെ നന്മയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പുതിയ സർക്കാരിന് കഴിയട്ടെയെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. അതോടൊപ്പം പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി സർക്കാർ ചെയ്യുന്ന എല്ലാ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ശ്രീ.പിണറായി വിജയനും നിയുക്ത മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. പുതിയ കേരളത്തിന്‍റെ സൃഷ്ടിക്കായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പുരോഗമനപരമായ പ്രവര്‍ത്തികള്‍ക്കും ഭാവാത്മക പിന്തുണയും ക്രിയാത്മക സഹകരണവും ഉറപ്പുനല്‍കുന്നു. തുടര്‍ഭരണമെന്ന അസുലഭ അവസരം ലഭിച്ചിരിക്കുന്ന മുഖ്യമന്ത്രി എന്ന നിലക്ക് പിണറായി വിജയന് കേരളത്തിന്‍റെ വികസനത്തിനായി ഒരു പക്ഷേ ജനപ്രിയമല്ലാത്ത എന്നാല്‍ ഘടനാപരമായ പല മാറ്റങ്ങളും കൊണ്ടു വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്‍റെ വികസനത്തിന് സ്വകാര്യ മൂലധനവും അതു വഴി എം‍പ്ലോയ്മെന്‍റ് ജനറേഷനും ആ‍വശ്യമാണ്. കേരളത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് അണ്ടര്‍ ‍‍എമ്പ്ലോയ്മെന്‍റ് ആണ്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അതിനനുസരിച്ച ജോലി കേരളത്തില്‍ ലഭിക്കുന്നില്ല. അതിനു തീര്‍ച്ചയായും സ്വകാര്യ നിക്ഷേപം ഉയര്‍ന്ന തോതില്‍ ആ‍വശ്യമാണ്. പ്രത്യയശാസ്ത്ര പ്രതിബന്ധമില്ലാതെ അക്കാര്യത്തില്‍ ഒരു മുന്നേറ്റം നടത്താന്‍ പുതിയ സര്‍ക്കാരിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സൌകര്യ വികസന കാര്യത്തിലും ഒരു കുതിച്ചു കയറ്റം വേണം. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ദേശീയപാത വികസനമുള്‍പ്പെടെയുള്ള ഇന്ഫ്രാ പ്രൊജക്ടുകളുടെ ഭൂമി ഏറ്റെടുപ്പും അനുബന്ധ കാര്യങ്ങളും അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ സര്‍ക്കാരിനു സാധിക്കട്ടെ. ലോകത്തിന്‍റെ ഫാര്‍മ കാപ്പിറ്റലായി ഇന്ത്യ മാറുന്ന ഈ പുതിയ കാലത്ത്, ആ രംഗത്ത് കേരളത്തിനു വലിയ സാധ്യതകളുണ്ട്.

പൊതു സ്വകാര്യ മേഖലയില്‍ ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കും. ഒപ്പം, കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതും എന്നാല്‍ നടപ്പാക്കാതെ പോയതുമായ കെ.എസ്.ആര്‍.ടി.സിയുടെ വിഷയത്തില്‍ ഇത്തവണ മുന്‍ഗണന കൊടുക്കേണ്ടത് ആ‍വശ്യമാണ്. കേരളത്തിന്‍റെ ലൈഫ് ലൈനായ പൊതുഗതാഗതം സംരക്ഷിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കേന്ദ്ര സംസ്ഥാന ബന്ധം മെച്ചപ്പെടുത്താനും നാടിന്‍റെ പൊതുനന്മക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും പുതിയ സര്‍ക്കാരിനു സാധിക്കട്ടെ. സുശക്തമായ ഇന്ത്യയുടെ നിര്‍മ്മിതിക്ക് സുശക്തമായ കേരളവും ആവശ്യമാണ്. നാടിന്‍റെ പൊതുനന്മക്ക് ഒന്നിച്ചു നില്‍ക്കാം. സന്ദീപ് വാര്യർ ബിജെപി സംസ്ഥാന വക്താവ്