pinarayi-vijayan

​​​​തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് സർക്കാർ ക്ഷണം സ്വീകരിച്ചെത്തുന്ന അതിഥികൾ എത്തി തുടങ്ങി. എൽ ഡി എഫിലേയും സാമൂഹ്യ സാംസ്‌കാരിക രംഗത്തേയും പ്രമുഖരാണ് സ്റ്റേഡിയത്തിലേക്ക് വരുന്നത്. മുന്നൂറിൽ താഴെ കസേരകൾ മാത്രമാണ് പന്തലിനുളളിൽ ക്രമീകരിച്ചിരിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി 2.50ന് ഗവർണർ രാജ്ഭവനിൽ നിന്ന് തിരിക്കും. സ്റ്റേഡിയത്തിലേക്ക് ഒമ്പത് ഉന്നത ഉദ്യോസ്ഥർക്ക് മാത്രമാണ് പ്രവേശന അനുമതിയുളളത്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആര്‍ ജ്യോതി ലാൽ, പി ആർ ഡി ഡയറക്‌ടർ ഹരികിഷോർ, ഡി ജി പിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡി ജി പി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശന അനുമതി ഉള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണമെന്നും കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.