തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുന്നോടിയായുളള സംഗീത ആൽബത്തിന്‍റെ പ്രദർശനം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രശസ്‌ത സംവിധായകൻ ടി കെ രാജീവ്കുമാർ അണിയിച്ചൊരുക്കിയ ആൽബത്തിൽ ആധുനിക കേരളത്തിന്‍റെ വളർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. മെഗാതാരം മമ്മൂട്ടിയുടെ പരിചയപ്പെടുത്തലോടെ ആരംഭിച്ച ആൽബത്തിൽ മോഹൻലാൽ, കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത തുടങ്ങി ഒട്ടേറെ പ്രമുഖർ ഗാനം ആലപിക്കുന്നുണ്ട്.
രണ്ടാം പിണറയി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുളളത്. സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കുടുംബ സമേതമാണ് എത്തിയത്.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സ്റ്റേഡിയത്തിലുണ്ട്. സത്യപ്രതിജ്ഞയുടെ ലൈവ് കൗമുദി ടി വി യിൽ വൈകുന്നേരം 3.30 മുതൽ 4.30 വരെ ഉണ്ടായിരിക്കും.