iranian-director-killed

ടെഹ്‌റാൻ: പ്രായമേറെയായിട്ടും വിവാഹത്തിന് തയ്യാറാകാതിരുന്നതിന് ഇറാനിയൻ സിനിമ സംവിധായകനായ ബാബക് ഖൊറാംദീനെ (47) കൊലപ്പെടുത്തി മാതാപിതാക്കൾ. കൈ കാലുകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കൾ കുറ്റം സമ്മതിച്ചു.

ഖൊറാംദീന്റെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. മകനെ അനസ്തേഷ്യ നൽകി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. പിന്നീട്, മൃതദേഹത്തിന്റെ കൈകാലുകൾ വേർപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. പത്തുവർഷം മുമ്പ് മരുമകനെയും മൂന്നുവർഷം മുമ്പ് മകളെയും ഇതേ വിധത്തിൽ കൊലപ്പെടുത്തിയതായി മാതാപിതാക്കൾ കോടതിയിൽ കുറ്റസമ്മതം നടത്തി.

2009ൽ ടെഹ്‌റാൻ സർവകലാശാലയിൽ നിന്നും സിനിമാപഠനത്തിൽ ബിരുദം നേടിയ ഖൊറാംദീൻ പിന്നീട് ബ്രിട്ടനിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇദ്ദേഹം സ്വദേശത്തേക്ക് തിരിച്ചെത്തിയത്.