കൊല്ലം: അത്യാധുനിക സംവിധാനങ്ങളോടെ ചാരായം വാറ്റുന്ന സംഘത്തിൽ നിന്ന് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കല്ലുംതാഴം കുറ്റിച്ചിറ റോഡിൽ ആളൊഴിഞ്ഞ വീടിന് പിന്നിലെ പുരയിടത്തിൽ നിന്ന് ഇവ കണ്ടെത്തിയത്.
എക്സൈസ് സംഘമെത്തുമ്പോൾ ഇവിടെ ചാരായം വാറ്റുന്ന ജോലിയിലേർപ്പെട്ടിരുന്ന നാലുപേർ ഓടിരക്ഷപെട്ടു. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. 500 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക്, 200 ലിറ്ററിന്റെ ബാരൽ, 100 ലിറ്ററിന്റെ ഇരുമ്പ് വീപ്പ എന്നിവയിലാണ് കോട സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ്ലാൽ, നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, വിഷ്ണു, നിതിൻ അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ചാരായം ലിറ്ററിന് 3000 രൂപ
ഗ്യാസ് അടുപ്പിൽ ചൂടാക്കി കോപ്പർ കോയിൽ ഘടിപ്പിച്ച് തകര വീപ്പയിൽ വാൽവ് ഘടിപ്പിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് ലിറ്ററിന് 3000 രൂപ നിരക്കിൽ വില്പന നടത്തുകയായിരുന്നു. ചാരായം വാങ്ങാനായി നിരവധിപേർ ഇവിടെ എത്തിയിരുന്നതായും സൂചനയുണ്ട്.
ചാരായം വാറ്റ്, ലഹരി വ്യാപാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഫോൺ: 9400069439, 9400069440