rain

തിരുവനന്തപുരം: കൊവിഡ് മഹാമാരി കേരളത്തെയും പിടിമുറുക്കുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ ടൗക്‌തേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തകർത്ത് പെയ്തത്. വൈകാതെ കാലവർഷവും കേരളത്തിലെത്തുമ്പോൾ കൊവിഡിനൊപ്പം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങളും വ്യാപിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പല ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മഴക്കാല മുന്നൊരുക്കങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

പൊതുസ്ഥലങ്ങൾക്കൊപ്പം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാൽ മാത്രമേ മഴക്കാലരോഗങ്ങളെ അകറ്റിനിറുത്താൻ കഴിയൂ. കഴിഞ്ഞ പല മഴക്കാലങ്ങളിലും കേരളത്തിലെ പല ജില്ലകളും പകർച്ചപ്പനിയും ചിക്കുൻഗുനിയയും മുതൽ കോളറ വരെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയ്ക്കുശേഷം പലയിടത്തും കൊതുകുകളും പെരുകിയിട്ടുണ്ട്.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന്റെ മുഖ്യകാരണം മലിനീകരണമാണ്. മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലജന്യ രോഗങ്ങൾ പടരാതിരിക്കാനും രോഗബാധിതർക്കു ചികിത്സയും മരുന്നും ലഭ്യമാക്കാനും സർക്കാർ സംവിധാനങ്ങൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമാണ്. അതുകൊണ്ടുതന്നെ മഴക്കാലരോഗങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഖരമാലിന്യങ്ങൾ ഓടകളിലും അഴുക്കുചാലുകളിലും തള്ളാതെ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. കുട്ടികൾക്ക് വളരെ പെട്ടെന്ന് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ എടുക്കേണ്ടത്. മഴക്കാലത്ത് വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും.

കൊതുകിനെ തുരത്താം

 വീടിന് സമീപത്ത് വെള്ളം കെട്ടി നിറുത്തരുത്

 ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കണം.

 കൊതുകിന്റെ ഉറവിടം നശിപ്പിക്കണം.

 പാത്രങ്ങൾ, റബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക

ഫ്രിഡ്ജിനടിയിലെയും കൂളറിനടിയിലെയും വെള്ളം നീക്കണം

 ടെറസ്, സൺഷേഡുകളിലെ വെളളം ഒഴുക്കി കളയുക

 പാഴ്വസ്തുകൾ നശിപ്പിക്കുക

മഴക്കാലത്തെ ഭക്ഷണം
ഭക്ഷണക്രമത്തിന് മഴക്കാല രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാനാകും. മഴക്കാലത്ത് ഏറ്റവും എളുപ്പത്തിൽ പിടിപെടുന്ന ഒന്നാണ് അണുബാധ. ഇതൊഴിവാക്കാൻ രോഗ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മൺസൂൺ ഡയറ്റിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന് അവശ്യം വേണ്ട ബാക്ടീരിയകളെ നിലനിറുത്തുന്ന തരത്തിലുള്ള ഭക്ഷണം അധികമായി കഴിക്കുക. ഇതിന് പുറമെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന 'ഹെർബൽ' ചായകൾ, സൂപ്പുകൾ എല്ലാം മഴക്കാലത്ത് പതിവാക്കാം. അണുബാധ ഒഴിവാക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

അതിനൊപ്പം തന്നെ വൃത്തിയായി കഴുകി വേവിച്ച ഭക്ഷണം മാത്രം മഴക്കാലത്ത് കഴിക്കുക. പൊതുവേ ദാഹമനുഭവപ്പെടാത്തതിനാൽ മഴക്കാലത്ത് പ്രതിദിനം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറയാറുണ്ട്. ഇതും ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാകാറുണ്ട്. അതുപോലെ തന്നെ സീസണലായി ലഭിക്കുന്ന പഴങ്ങളും മഴക്കാലത്ത് കഴിക്കേണ്ടതുണ്ട്. മഴക്കാലത്ത് സാധാരണഗതിയിൽ നേരിടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ദഹനമില്ലായ്മ. ഈ ബുദ്ധിമുട്ടൊഴിവാക്കാൻ ധാരാളം പച്ചക്കറികളും പഴങ്ങളും ഫൈബർ അടങ്ങിയ ഭക്ഷണവും ആഹാരത്തിൽ ഉൾപ്പെടുത്താം. 'മൈദ' പോലെ ദഹനപ്രശ്നമുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം.

മഴക്കാലരോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1)​ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

2)​ കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി കുടിക്കുന്നത് ഒഴിവാക്കുക

3)​ തണുത്ത ഭക്ഷണപദാർത്ഥങ്ങൾ തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും ഉണ്ടാക്കാം

4)​ തുറന്നു വച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

5)​ മഴക്കാലത്ത് ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

6)​ സോപ്പിട്ട് കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കുക

7)​ ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുളിക്കാവൂ

8)​ നനഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങൾ ഉപയോഗിക്കരുത്.

9)​ വൃത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.

വീടിനകത്തും ശ്രദ്ധ വേണം

മഴക്കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം. ഇവയുടെ പ്ലഗുകൾ കഴിയുന്നതും സ്വിച്ച് ബോർഡിൽ നിന്ന് ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോൾ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഇലക്രോണിക് ഉപകരണങ്ങൾ മാറ്റി വയ്ക്കണം.