ന്യൂഡൽഹി: തങ്ങളുടെ പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോയിൽ 4,954 മെഗാവാട്ട് കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായി എസ്.ബി എനർജി ഇന്ത്യയെ ഏറ്റെടുക്കുന്നതായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എ.ജി.എൽ). ജപ്പാനിലെ സോഫ്റ്റ്ബാങ്കിൽ നിന്നും ഇന്ത്യയുടെ ഭാരതി ഗ്രൂപ്പിൽ നിന്നുമാണ് ഓഹരികൾ വാങ്ങുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഈ കരാർ.
ഏകദേശം 3.5 ബില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യനിർണയമാണ് ഈ ഇടപാടിൽ എസ്.ബി എനർജി ഇന്ത്യയ്ക്ക് കണക്കാക്കുന്നത്. 84 ശതമാനം സൗരോർജ്ജ ശേഷി (4,180 മെഗാവാട്ട്), 9 ശതമാനം കാറ്റ്‌സോളാർ ഹൈബ്രിഡ് ശേഷി (450 മെഗാവാട്ട്), 7 ശതമാനം കാറ്റിന്റെ ശേഷി (324 മെഗാവാട്ട്) എന്നിവയാണ് കമ്പനിയുടെ വലിയ തോതിലുള്ള യൂട്ടിലിറ്റി ആസ്തികൾ. 1,400 മെഗാവാട്ട് പ്രവർത്തന സൗരോർജ്ജ ശേഷിക്ക് പുറ പുറമേ മറ്റൊരു 3,554 മെഗാവാട്ട് കൂടി നിർമാണ ഘട്ടത്തിലാണ്. കമ്പനിയുടെ എല്ലാ പദ്ധതികൾക്കും സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് , എൻ.ടി.പി.സി ലിമിറ്റഡ്, എൻ.എച്ച്.പി.സി ലിമിറ്റഡ് തുടങ്ങിയ ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി 25 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറുകളുണ്ട്.
ഈ ഇടപാടിലൂടെ എസ്.ബി എനർജി ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കും. എസ്.ബി എനർജി ഇനി മുതൽ ഇന്ത്യയിലെ ഒരു പ്രോജക്ട് ടെൻഡറിലും പങ്കെടുക്കില്ലെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. രണ്ട് വർഷത്തോളമായി എസ്.ബി എനർജി തങ്ങളുടെ പോർട്ട്‌ഫോളിയോ വിൽക്കാൻ ശ്രമിക്കുകയാണെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കി.