സ്ഥാനാർത്ഥി നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും സിപിഎം പുലർത്തിയ പുതുമുഖങ്ങളുടെ പരീക്ഷണം ഇത്തവണ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ തിരഞ്ഞെടുക്കുന്നതിലും തുടർന്നു. ദേശീയ തലത്തിൽ പാർട്ടിയുടെ മികവിന്റെ മുഖമായവരിലൊരാളും സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നത് അങ്ങനെയാണ്.
ഇടത് വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ രാഗേഷ് മെല്ലെ ജില്ലാ നേതൃത്വത്തിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും ഒടുവിൽ സംഘടനയുടെ ദേശീയ അദ്ധ്യക്ഷനായും മാറി.
ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഭംഗിയോടെ വെടിപ്പായി പാർട്ടിയ്‌ക്ക് വേണ്ടി ചെയ്യുന്ന രാഗേഷ് വൈകാതെ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്‌തനായും മാറി. സിപിഎമ്മിന് വേണ്ടി ചാനൽചർച്ചകളിൽ വിഷയങ്ങളെ സഗൗരവത്തോടെയും ലളിതമായും പഠിച്ച് അവതരിപ്പിച്ചു. ഈ മികവും ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലുൾപ്പടെ നന്നായി കൈകാര്യം ചെയ്യാനുളള കഴിവുമാണ് 2015ൽ രാജ്യസഭയിലേക്ക് രാഗേഷിനെ എത്താൻ സഹായിച്ച ഘടകങ്ങൾ.
രാജ്യത്തെ ജനജീവിതവുമായി ബന്ധപ്പെട്ട ഏത് വിഷയം സംബന്ധിച്ചും സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവ സംബന്ധിച്ച ചോദ്യങ്ങൾ സഭ ചേരുമ്പോൾ ചോദിക്കാനും രാഗേഷ് പ്രത്യേകം ശ്രദ്ധിച്ചു. സഭയിലെ അംഗങ്ങളാകെ ചോദിച്ച ചോദ്യങ്ങളുടെ ശരാശരി 297 ആണ്. എന്നാൽ രാഗേഷിന് അത് 609 ആണ്. സഭയിലെ മുഴുവൻ അംഗങ്ങളും സഭയിൽ ചെയ്‌ത പ്രസംഗങ്ങളുടെ ശരാശരി 95.5 മാത്രമാണ്. എന്നാൽ രാഗേഷ് ചെയ്‌തത് 299 പ്രസംഗങ്ങളാണ്.
വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ നിന്നും ഉയർന്നുവന്ന് നാടിന്റെ തുടിപ്പ് അറിയുന്ന നേതാവ് എന്ന നിലയിൽ കുട്ടികളുടെ അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ ഇടപെടലിന് യുനിസെഫിന്റെ അവാർഡും ലഭിച്ചു. പ്രതിപക്ഷ നിരയിൽ പാർലമെന്റിൽ കരുത്താർന്ന പ്രകടനം നടത്തിയ അദ്ദേഹം പൗരത്വ വിഷയത്തിലും കർഷക സമരത്തിലും സജീവ പങ്കാളിത്തം വഹിച്ചു.
കർഷക സമരത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹത്തെ കൊവിഡ് മഹാമാരിയും
ബാധിച്ചു. രോഗം ഭേദമായ ശേഷവും പൊതുപ്രവർത്തനത്തിൽ സജീവമായ രാഗേഷിന് കൊവിഡ് ബാധിതരുമായുളള സമ്പർക്കം കൊണ്ട് നിരവധി തവണ കൊവിഡ് നിരീക്ഷണത്തിൽ പോകേണ്ടിയും വന്നു. കർഷകരുടെ നേതാവ് എന്ന നിലയിൽ മാത്രമല്ല നല്ലൊരു കർഷകൻ എന്ന നിലയിൽ കൂടിയാണ് പുതിയ കർഷക ബില്ലിനെതിരെ ശക്തമായ സമരത്തിന് കെ.കെ രാഗേഷിന് കഴിഞ്ഞത്. തിരക്കൊഴിഞ്ഞ സമയങ്ങളിൽ കണ്ണൂരിലെ വീട്ടിലും ചുറ്രിലും കൃഷിപ്പണിയിൽ പൂർണ ശ്രദ്ധ കൊടുക്കുന്നുണ്ട്. നിലവിൽ കർഷകസംഘത്തിന്റെ അദ്ധ്യക്ഷനാണ് കെ.കെ രാഗേഷ്.
പാർലമെന്റെറിയൻ എന്ന നിലയിൽ മികവ് പുലർത്തിയതിനാൽ ഇത്തവണ രണ്ടാമൂഴം രാഗേഷിന് ലഭിക്കുമെന്ന് കരുതിയവർ ഏറെയുണ്ട് പാർട്ടിയിൽ. എന്നാൽ അതിലും ഗൗരവമേറിയ സംസ്ഥാനത്തെ ചുമതല ഏൽപ്പിച്ച് പാർട്ടി രാഗേഷിലുളള വിശ്വാസം വീണ്ടും വ്യക്തമാക്കി. 2009ൽ കണ്ണൂർ ലോക്‌സഭാ സീറ്റിൽ നിന്നും മത്സരിച്ചുകൊണ്ടാണ് രാഗേഷ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വന്നത്. എന്നാൽ അത്തവണത്തെ ശക്തമായ യുഡിഎഫ് തരംഗത്തിൽ കെ.സുധാകരനോട് അടിപതറി.
കണക്കുകൂട്ടിയുളള പ്രവർത്തനത്തിലൂടെ അടുത്ത ഊഴത്തിൽ 2014ൽ പാർട്ടിയ്‌ക്ക് മണ്ഡലത്തിൽ വലിയ വിജയം നേടാൻ കെ.കെ രാഗേഷ് പ്രവർത്തിച്ചു. തുടർന്ന് ഈ സംഘാടന മികവിന് അദ്ദേഹത്തിന് 2015ൽ രാജ്യസഭ അംഗമാകാനുളള അവസരം പാർട്ടി നൽകി. ഈ വർഷം രാജ്യസഭാംഗത്വം പൂർത്തിയായതോടെ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് സംഘാടനത്തിനെത്തിയ രാഗേഷ്
50,000ത്തിലേറെ വോട്ടിന് പിണറായിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.
ഒന്നാം പിണറായി സർക്കാരിൽ സ്വർണക്കടത്ത് കേസിലൂടെ വിവാദത്തിലായ ഓഫീസ് ഇത്തവണ പൂർണ ചുമതലയോടെ നയിക്കാൻ വിശ്വസ്‌തനായ പാർട്ടിപ്രവർത്തകനായ കെ.കെ രാഗേഷിന് കഴിയുമെന്ന മുഖ്യമന്ത്രിയുടെ കണക്കുകൂട്ടലാണ് പ്രൈവറ്റ് സെക്രട്ടറിയായുളള അദ്ദേഹത്തിന്റെ നിയമനത്തിലൂടെ വ്യക്തമാകുന്നത്.