പത്തനംതിട്ട: കനറാ ബാങ്കിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചശേഷം അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് സി.ഐ. സുധീർ പറഞ്ഞു.
പണം തന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകളിലേക്ക് വിജീഷ് മാറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇൗ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബംഗളൂരുവിൽ വിജീഷ് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പാണ് പണം പിൻവലിച്ചത്. കുറച്ചുപണം ഒാൺലൈൻ ചൂതാട്ടത്തിനും ഷെയർ മാർക്കറ്റുകളിലും ചെലവഴിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.