പൊൻകുന്നം / കല്പറ്റ : മുംബയിൽ കഴിഞ്ഞ ദിവസം ടൗക്തേ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ടു മലയാളികളും. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് (36), പ്രോജക്ട് എൻജിനീയറായ കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശി സസിൻ ഇസ്മയിൽ (29) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരേ ബാർജിലായിരുന്നു. വയനാട് പള്ളിക്കുന്ന് ഏച്ചോം മുക്രാമൂല പുന്നന്താനം ജോസഫ് – ത്രേസ്യ ദമ്പതികളുടെ മകനാണ് ജോമിഷ്. പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം.ഇസ്മയിലിന്റെ മകനാണ് സസിൻ ഇസ്മയിൽ.സസിന്റെ വിവാഹം അടുത്തമാസം നടത്താൻ നിശ്ചയിച്ചിരുന്നു.
കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് ഡാനി ഡെയിലിൽ ആന്റണി എഡ്വിനെ (27) കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ അറിയിച്ചു. മത്സ്യത്തൊഴിലാളിയായ എഡ്വിന്റെയും വിമലയുടെയും മകനാണ് ആന്റണി.
എണ്ണഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്നു ബാർജുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഒരു ബാർജ് പൂർണമായും മുങ്ങിപ്പോയി. മരിച്ചവരിലേറെയും ഇതിലുണ്ടായിരുന്നവരാണ്. നാല്പത്തിയൊൻപത് മൃതദേഹങ്ങൾ കണ്ടെത്തി. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. 186 പേരെ രക്ഷപ്പെടുത്തിയിരുന്നു.
മൂന്നുവർഷം മുൻപ് ജോലിയിൽ പ്രവേശിച്ച സസിൻ മൂന്നുമാസം മുൻപ് നാട്ടിലെത്തി മടങ്ങിയതാണ്. സിൽവി ഇസ്മയിലാണ് അമ്മ. സഹോദരങ്ങൾ: സിസിന, മിസിന.
ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡൽഹിയിൽ നഴ്സായ ഭാര്യ ജോയ്സിയൊന്നിച്ച് വയനാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്.മക്കൾ: ജോയൽ, ജോന. സഹോദരി: ജാസ്മിൻ. ജോമിഷ് മരിച്ച വിവരം ബുധനാഴ്ച രാത്രിയാണ് വീട്ടിൽ അറിയിച്ചത്.
കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിക്കുക. സംസ്കാരം ഏച്ചോം മൂക്രമൂല ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും.
കാണാതായ ആന്റണി നാലുവർഷമായി മുംബയിൽ ജോലി നോക്കുകയാണ്. രണ്ടര വർഷമായി ആഫ്കോൺ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ചാൾസും ഡാനിയും സഹോദരങ്ങളാണ്.