മുംബയ്: ടൗക്‌തേ ചുഴലിക്കാറ്റിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി മുംബയ് കടലിൽ മുങ്ങിയ ഒ.എൻ.ജി.സിയുടെ മൂന്ന് കരാർ ബാർജുകളിലൊന്നായ പി - 305 ലെ 13 തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മലയാളികളടക്കം 261 പേർ ഉണ്ടായിരുന്ന ബാർജിലെ 186 പേരെ ഇതുവരെ രക്ഷപെടുത്തി. മലയാളികളുടേതുൾപ്പെടെ 37 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 38 പേർക്കായി തെരച്ചിൽ തുടരുന്നു. മറ്റൊരു ടഗ്ബോട്ടായ വരപ്രദയിലെ 11 പേരെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ട്. വരപ്രദയിലെ രണ്ടുപേരെ നേരത്തെ രക്ഷിച്ച് കരയ്ക്കെത്തിച്ചിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാർജിലുള്ളവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതർ അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബയില്‍ൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടുകിടന്ന മൂന്ന് ബാർജുകളും ഒരു റിഗ്ഗുമാണ് അപകടത്തിൽപ്പെട്ടത്.
അപകടം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിട്ടും ബാർജ് പി-305 ഇവിടെ തുടർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുംബയ് പൊലീസ് അറിയിച്ചു.