sjiu-wilson

താൻ സിനിമയിലേക്ക് കൊണ്ടുവന്ന, വലിയ താരങ്ങളായി ഉയർന്ന, നടന്മാരെക്കാൾ തന്റെ പുതിയ ചിത്രത്തിലെ നായകനായ സിജു വിൽസൺ ഉയർച്ച നേടുമെന്ന് തനിക്ക് ഉറപ്പാണെന്ന് സംവിധായകൻ വിനയൻ. തന്റെ പുതിയ ചിത്രമായ 'പത്തൊമ്പതാം നൂറ്റാണ്ടി'നെ കുറിച്ച് ഒരു മലയാള വാർത്താ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സംവിധായകൻ. 'ബാഹുബലി' എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെയാണ് തെലുങ്ക് നടൻ പ്രഭാസ് സൂപ്പർതാരമായി ഉയർന്നതെന്ന് ചൂണ്ടിക്കാട്ടിയ വിനയൻ, 'പത്തൊമ്പതാം നൂറ്റാണ്ടി'ലൂടെ സിജുവിന്റെ കരിയർ മാറ്റിയെഴുതപ്പെടുമെന്നും അഭിപ്രായപ്പെട്ടു.

'പുതുമുഖങ്ങളായ ഒത്തിരി താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളാണ് ഞാൻ. ഒരു പതിനേഴ് വർഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷൻ ഹീറോ പരിവേഷം ഞാൻ നൽകുന്നത്. സിജു എന്നെ വന്ന് കാണുകയും സിജുവിനോട് സംസാരിച്ചപ്പോൾ ഈ വേഷത്തിനായി അദ്ദേഹം കാണിക്കുന്ന ആത്മാർഥതയും കഠിനാധ്വാനവുമൊക്കെ തിരിച്ചറിഞ്ഞപ്പോൾ ആറേഴ് മാസത്തോളമെടുത്ത് മെയ്ക്കോവറും മറ്റും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിക്കുന്നത്. എനിക്കുറപ്പാണ്. ഞാൻ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയർന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.'-വിനയൻ പറഞ്ഞു.

vinayan

ചരിത്രത്തിന്റെ ഏടുകളിൽ തമസ്കരിക്കപ്പെട്ട ധീരനായ നായകനായിരുന്ന വേലായുധ പണിക്കരെ കുറിച്ചുള്ള സിനിമയുടെ കഥ പത്തിലധികം വർഷങ്ങൾക്ക് മുമ്പേ തന്നെ തന്റെ മനസിൽ രൂപപ്പെട്ടിരുന്നു എന്നും സംവിധായകൻ വെളിപ്പെടുത്തി.

ഒപ്പം മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ ആലോചിക്കുന്ന ചിത്രത്തെ കുറിച്ചും വിനയൻ മനസുതുറന്നു. മോഹൻലാലിന്റെ താരമൂല്യം ഉയർത്തികാട്ടുന്ന മാസ് ചിത്രമാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് വിനയൻ അഭിപ്രായപ്പെട്ടു. അത്തരത്തിലൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് താനെന്നും അദ്ദേഹം പറയുന്നു. ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം തനിക്ക് ചെയ്യാൻ കഴിയും എന്ന് മോഹൻലാൽ തന്നോട് പറഞ്ഞ കാര്യവും വിനയൻ പറഞ്ഞു. അടുത്ത വർഷം ആദ്യത്തോടെ 'പത്തൊമ്പതാം നൂറ്റാണ്ട്' പുറത്തിറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംവിധായകൻ അത് കഴിഞ്ഞാൽ താൻ ചെയ്യുക മോഹൻലാലിനെനായകനാക്കിയുള്ള 'വലിയ ചിത്ര'മായിരിക്കുമെന്നും സൂചന നൽകി.

content details: director vinayan talks about siju wilson and his new movie pathombatham noottand director also talks about his mohanlal movie.