നരേന്ദ്രൻ, ദാസൻ, സി.പി. നായർ, സാഗർ എലിയാസ് ജാക്കി, ടോണി കുരിശിങ്കൽ, ഹരി, തൈപ്പറമ്പിൽ അശോകൻ, മംഗലശ്ശേരി നീലകണ്ഠൻ, സണ്ണി, ആട് തോമ, ഗോവർദ്ധൻ, ജഗൻ, ഇന്ദുചൂടൻ, മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ, സക്കീർ, മേജർ മഹാദേവൻ, മുല്ലങ്കോല്ലി വേലായുധൻ, ദേവരാജ പ്രതാപവർമ്മ, പി. മാധവൻ നായർ, ക്രിസ്റ്റി വർഗീസ് മാപ്പിള, ജോർജ്കുട്ടി, പുലി മുരുകൻ, ഖുറേഷി എബ്രഹാം....
മലയാള സിനിമയുടെ ആറാം തമ്പുരാനിന്ന് 61ാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് മോഹൻലാൽ എന്ന അഭിനയകുലപതി. 19ാം വയസ്സിൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ഫാസിൽ ചിത്രത്തിലൂടെ വില്ലനായിട്ടാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. വെള്ളിത്തിരയുടെ അഭ്രപാളികളിലൂടെ വ്യത്യസ്തമായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രേക്ഷകരുടെ ചങ്കിടിപ്പായി മാറിയ മോഹൻലാലിനെ ആരാധകർ ലാലേട്ടനെന്നാണ് വിളിക്കുന്നത്. 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകൾ സ്വന്തമാക്കിയ ഏക മലയാള നടൻ എന്ന വിശേഷണവും ലാലേട്ടന് സ്വന്തമാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാൽ ജനിച്ചത്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തെത്തിയ ലാൽ, ഒട്ടനേകം വേഷപകർച്ചകളിലൂടെ ലോകം തന്നെ കീഴടക്കുന്ന താരരാജാവായി മാറുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കാൻ ഇന്നലെ മുതൽ തന്നെ സോഷ്യൽമീഡിയയിൽ ആശംസകളുമായി ആരാധകർ സജീവമാണ്. ബർത്ത്‌ഡേ സ്‌പെഷ്യൽ പോസ്റ്ററുകളും ഫാൻ വീഡിയോകളുമൊക്കെ ഇറക്കി ലോക്ക് ഡൗൺ കാലത്ത് പിറന്നാൾ ഓൺലൈനിൽ ആഘോഷിക്കുകയാണ് ഏവരും.
മഞ്ഞിൽ വിരിഞ്ഞ പൂവേ...
1978ൽ 'തിരനോട്ടം' എന്ന സിനിമയിലൂടെയാണ് മോഹൻലാൽ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ചിത്രമായിരുന്നു 'തിരനോട്ടം', എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. ഇതിനു ശേഷമാണ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ വില്ലനായെത്തിയത്. ഇതിലൂടെ മലയാളസിനിയ്ക്ക് ലഭിച്ചത് ഒരു എവർഗ്രീൻ നായകനെയാണ്. പിന്നീട് 1980'90 കാലങ്ങളിലെ ചലച്ചിത്രങ്ങളിലെ വിവിധ വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാള സിനിമയുടെ കുലപതിയായി മാറിയ അപൂർവം നടൻമാരുടെ ഗണത്തിലാണ് മോഹൻലാലിന്റെ സ്ഥാനം.
പ്രിയദർശൻ
മോഹൻലാൽ കഥാപാത്രങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ പ്രിയദർശൻ വഹിച്ച പങ്ക് ചെറുതല്ല. 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രത്തിലാണ് ആദ്യമായി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നത്. ബോയിംഗ് ബോയിംഗ്, അരം + അരം കിന്നരം, നിന്നിഷ്ടം എന്നിഷ്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, ചിത്രം, വന്ദനം, കടത്തനാടൻ അമ്പാടി, അക്കരെ അക്കരെ അക്കരെ, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിചുണ്ടൻ മാമ്പഴം, അറബീം ഒട്ടകവും പി. മാധവൻനായരും, ഗീതാഞ്ജലി, ഒപ്പം തുടങ്ങി റിലീസ് കാത്തിരിക്കുന്ന മരക്കാർ വരെ നാൽപ്പതിലേറെ ചിത്രങ്ങളിലാണ് ലാലും പ്രിയദർശനും കൈകോർത്തത്.
മലയാളസിനിമയുടെ സുവർണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന എൺപതുകളും തൊണ്ണൂറുകളും മോഹൻലാൽ എന്ന താരത്തിന്റെ കരിയറിലെയും ശ്രദ്ധേയ വർഷമാണ്. സത്യൻ അന്തിക്കാട്, ലോഹിതദാസ്, സിബി മലയിൽ, ശ്രീനിവാസൻ, ഫാസിൽ, ഐ. വി. ശശി തുടങ്ങി അക്കാലത്തെ മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കുമൊപ്പം മോഹൻലാൽ കൈകോർത്തപ്പോൾ പിറന്നത് മലയാളി എവർഗ്രീൻ ഹിറ്റുകളാണ്. നാലു പതിറ്റാണ്ടിനിടെ 350 ലേറെ ചിത്രങ്ങളാണ് മോഹൻലാൽ എന്ന നടനവിസ്മയം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
ഫാമിലിമാൻ
സുചിത്രയാണ് മോഹൻലാലിന്റെ ഭാര്യ. 1988 ഏപ്രിൽ 28ന് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജാതകപൊരുത്തമില്ലാത്തതിന്റെ പേരിൽ ഇവരുടെ വിവാഹം ഒരിക്കൽ മുടങ്ങിയിരുന്നു. എന്നാൽ രണ്ട് വർഷത്തിനു ശേഷം സുചിത്രയുടെ നെറുകയിൽ സിന്ദൂരം ചാർത്തി ഇരുവരും പ്രണയസാഫല്യം നേടി. പ്രണവ്, വിസ്മയ എന്നിവരാണ് മക്കൾ. പ്രണവ് ബാലതാരമായും നായക നടനായും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
പുരസ്‌ക്കാരത്തിളക്കം...
രണ്ടു തവണ മികച്ച നടന്റേതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴു തവണ സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളും നിരവധി തവണ ഫിലിംഫെയർ അവാർഡുകളും മോഹൻലാൽ സ്വന്തമാക്കിയിട്ടുണ്ട്. സിനിമാലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷണും നൽകി രാജ്യം മോഹൻലാലിനെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിനായി സ്വന്തം ജീവൻ ബലികഴിച്ച ധീരജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി അദ്ദേഹത്തിന് ല്ര്രഫനന്റ് കേണൽ പദവിയും (ഓണററി) നൽകി. അഭിനേതാക്കളിൽ ആദ്യമായി ലെഫ്ന്റനന്റ് കേണൽ പദവിയിലെത്തുന്ന നടൻ എന്ന വിശേഷണവും മോഹൻലാലിന് സ്വന്തമാണ്.
ബറോസ്
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യത്തെ ചിത്രമാണ് ബറോസ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്.
പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണിത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
മൈമഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.