
നാളെ 61 വയസ് തികയുന്ന മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് സംവിധായകൻ മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ നൽകിയത്. ഒപ്പം, മോഹൻലാൽ നായകനാകുന്ന, തന്റെ ഏറ്റവും പുതിയ ചിത്രമായ 'ആറാട്ടി'ൽ നിന്നും പ്രചോദനം ഉൾകൊണ്ട ഒരു സ്റ്റില്ലും ഉണ്ണികൃഷ്ണൻ നൽകിയിട്ടുണ്ട്.
കൈകൊണ്ട് മീശ മേലേക്ക് ഉയർത്തുന്ന മാനംമുട്ടുന്ന മോഹൻലാലിന്റെ പടുകൂറ്റൻ രൂപത്തിന് കീഴിലായി തന്റെ അഭിനയ ജീവിതത്തിൽ നടൻ ജീവൻ നൽകിയ നിരവധി കഥാപാത്രങ്ങളെയും കാണാം. നരസിംഹത്തിലെ ഇന്ദുചൂഡൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, നരനിലെ വേലായുധൻ, ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി എന്നീ കഥാപാത്രങ്ങളെ ഈ കൂട്ടത്തിൽ കാണാം.
മോഹൻലാലിന് ചുറ്റുമായി നിൽക്കുന്ന ജനക്കൂട്ടത്തെയും പിറകിലായി ഏതാനും റോമൻ പടയാളികളുടെ ശില്പങ്ങളും ചിത്രത്തിലുണ്ട്. ആറാട്ടിലെ സ്റ്റിൽ ഫോട്ടോ ഉപയോഗിച്ച് ആരാധകർ തയ്യാറാക്കിയതാണ് ഈ പോസ്റ്ററെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, മോഹൻലാലിന് 60 വയസ് തികഞ്ഞ വേളയിൽ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരുന്നു.
content details: mohanlal turns 61 tomorrow