തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം. ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും. എം എൽ എമാരിൽ ഭൂരിപക്ഷവും വി ഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തിൽ സോണിയ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടില്ല. രാഹുൽഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതായാണ് വിവരം. രമേശ് ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്‌ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷി നേതാക്കൾ പറയുന്നത്. വാദപ്രതിവാദങ്ങളിലൂടെ നിയമസഭയ്‌ക്കകത്ത് ഇടതുപക്ഷത്തിന് എന്നും തലവേദന സൃഷ്‌ടിച്ചിട്ടുള്ള സതീശൻ നേതൃസ്ഥാനത്തു വന്നാൽ പുതിയ സർക്കാരിനു മുന്നിൽ പുതിയ പ്രതിപക്ഷവും അണിനിരക്കും. ചെറുപ്പക്കാരുടെ ഒരു നിരതന്നെ പ്രതിപക്ഷത്തുണ്ട്. അവരെ നയിക്കാൻ ചെറുപ്പക്കാരനായ ഒരാളെന്ന നിലയിലാണ് സതീശനു പ്രസക്തിയേറുന്നത്.
പറവൂരിൽനിന്ന് അഞ്ചാംതവണയും മിന്നുന്ന ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന്‍റെ കണ്ണിലെ കരടാണ്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ പതിവ് ശൈലി.
ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ ഉമ്മൻ ചാണ്ടിയുടെ നിർദേശം തളളി എ വിഭാഗത്തിലെ മൂന്ന് എം എൽ എമാർ സതീശനെ പിന്തുണച്ചു. അവരുടെ കൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്. പാർലമെന്‍ററി പാർട്ടിയിലെ ഭൂരിപക്ഷം മാത്രമാണ് നോക്കുന്നതെങ്കിൽ സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് അവർ പറയുന്നു. എന്നാൽ, പാർട്ടി കോൺഗ്രസായതിനാൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന ആശങ്കയും അവർ പങ്കുവയ്‌ക്കുന്നുണ്ട്.