mohanlal

കൊച്ചി: മലയാളത്തിന്‍റെ നടനവിസ്‌മയം മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. താരത്തിന് മമ്മൂട്ടിയടക്കമുള്ള സഹപ്രവർത്തകർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു. യുവതാരങ്ങളും ആരാധകരും ഉൾപ്പടെ സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവരാണ് ഇതിനോടകം മോഹൻലാലിന് ജന്മദിന ആശംസ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം ലോക്ക്ഡൗണിനിടെ ആയിരുന്നു താരത്തിന്‍റെ അറുപതാം പിറന്നാള്‍. ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു ജന്മദിനം കൂടി എത്തിയിരിക്കുന്നത്. താരം അഭിനയിച്ച കുഞ്ഞാലിമരക്കാരും നെയ്യാറ്റിന്‍കര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്.

തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും, മലയാളികളുടെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായ മോഹൻലാൽ ടി പി ബാലഗോപാലൻ, ദാസൻ, ജോജി, സേതുമാധവൻ, സുധി, മണ്ണാറത്തൊടി ജയകൃഷ്‌ണൻ, കുഞ്ഞികുട്ടൻ, പുലിമുരുകൻ തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്.