തിരുവനന്തപുരം: പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏൽപ്പിച്ചതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമെന്നും പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്തം വലുതാണ്. കഴിഞ്ഞ സർക്കാർ ചെയ്‌തുവച്ച നല്ല കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
കുട്ടികൾക്ക് റിവിഷൻ ക്ലാസ് ഓൺലൈനായി നൽകുന്ന കാര്യം ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു. ഓൺലൈൻ ക്ലാസുകളുടെ കുറവുകളെ കുറിച്ച് ഡി ഡി ഇമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പാഠപുസ്‌തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
സ്‌കൂളുകൾക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി തീരുമാനങ്ങൾ നടപ്പാക്കും. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയാം. പ്രായോഗിക പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ ഇതൊക്കെ മനസിലാക്കിയതാണ്. വിദ്യാർത്ഥികളുടെയും കുടുംബത്തിന്‍റേയും അദ്ധ്യാപകരുടേയും മാനസികാവസ്ഥ വ്യക്തമായി അറിയാം. വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോൾ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.