തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ പൊളിക്കില്ല. പന്തലില്‍ വാക്സിന്‍ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തല്‍ പൊളിക്കരുതെന്നും കൊവിഡ് വാക്സിനേഷനായി ഉപയോഗപ്പെടുത്തണമെന്നും കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. എസ്.എസ്. ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലിന് 5,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൃദ്ധരുള്‍പ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷന്‍ സ്വീകരിക്കാനെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കായിക പരിപാടികളൊന്നുമില്ലാത്തതിനാല്‍ പന്തല്‍ തത്കാലം പൊളിക്കേണ്ട ആവശ്യവുമില്ല.