car

തിരുവനന്തപുരം: നിർഭാഗ്യം എന്ന് കരുതുന്ന 13ാം നമ്പർ കാർ മന്ത്രി പി.പ്രസാദ് സ്വന്തമാക്കി. കഴിഞ്ഞ മന്ത്രിസഭയിൽ തോമസ് ഐസക്കായിരുന്നു 13ാം നമ്പർ ഔദ്യോഗിക വാഹനം ഉപയോഗിച്ചത്. നിർഭാഗ്യമാണെന്ന് കരുതി പല മന്ത്രിമാരും 13 നെ ഒഴിവാക്കുമായിരുന്നു.

മറ്റു മന്ത്രിമാരുടെ കാറും നമ്പരും

1. മുഖ്യമന്ത്രി, 2. കെ.രാജൻ, 3. റോഷി അഗസ്റ്റിൻ, 4. എ.കെ.ശശീന്ദ്രൻ, 5.വി. ശിവൻകുട്ടി, 6.കെ. രാധാകൃഷ്ണൻ, 7. അഹമ്മദ് ദേവർകോവിൽ 8. എം.വി.ഗോവിന്ദൻ, 9. ആന്റണി രാജു, 10. കെ.എൻ.ബാലഗോപാൽ, 11.പി.രാജീവ്, 12.വി.എൻ.വാസവൻ, 13. പി.പ്രസാദ്, 15. കെ.കൃഷ്ണൻകുട്ടി, 16. സജിചെറിയാൻ, 18 വി.അബ്ദുറഹ്മാൻ, 19. ആർ.ബിന്ദു, 20. ജെ.ചിഞ്ചുറാണി, 25. പി.എ. മുഹമ്മദ് റിയാസ്.

129 കാറുകൾ

129 കാറുകളാണ് ടൂറിസം വകുപ്പിന്റെ പക്കലുള്ളത്. മന്ത്രിമാരുടെ കാറുകളെല്ലാം രണ്ട് വർഷം മുമ്പ് വാങ്ങിയതാണ്. 19 ടൊയോട്ട ഇന്നോവയും 3 ടൊയോട്ട കൊറോള ആൾട്ടിസും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കൊറോള ആൾട്ടിസും ഉപയോഗിച്ചിരുന്നത്. ആറ് കോടി ചെലവിട്ടാണ് പുതിയ കാറുകൾ വാങ്ങിയത്. വിനോദ സഞ്ചാര വകുപ്പിന്റെ മാനദണ്ഡപ്രകാരം മൂന്ന് വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അതല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം. ഒരു വർഷം കൊണ്ട് മന്ത്രിമാർ ഒരു ലക്ഷം കിലോമീറ്റർ പിന്നിടുന്ന അവസ്ഥയാണ്.

ബേബിയും ഐസക്കും 13 എടുത്തു

13നെ മുഖാമുഖം നേരിട്ടിട്ടുള്ളത് രണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിമാരാണ്. വി.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും. ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു. അദ്ദേഹം 13ാം നമ്പർ കാറ് എടുക്കുക മാത്രമല്ല, ആർക്കും വേണ്ടാത്ത, രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തു.