pinarayi-cabinet-

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ചുവപ്പിൽ മുങ്ങിയ വേദിയിൽ പിണറായി വിജയൻ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടാം പിണറായി സർക്കാരിന് തുടക്കം കുറിച്ചു. പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൊവിഡിന്റെ കടുപ്പം കാരണം ചുരുക്കിയെങ്കിലും, കേരളമൊന്നാകെ ഓൺലൈനിലും ടിവിയിലുമായി സത്യപ്രതിജ്ഞാവേദിക്കു മുന്നിൽ ആവേശപൂർവമിരുന്നു.

പതിവു വിട്ട്, 'ഞാൻ' എന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്. പിണറായിക്കു ശേഷം ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞ. രണ്ടാമതായി സി.പി.ഐയിലെ കെ. രാജനും പിന്നാലെ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ശേഷം അക്ഷരമാലാക്രമത്തിൽ, വി. അബ്ദുറഹിമാൻ. ജി.ആർ. അനിൽ, കെ.എൻ.ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വിഗോവിന്ദൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർ സത്യപ്രത്രിജ്ഞ ചെയ്തു.

വേദിയിലേക്കു പോയ എല്ലാവരും കൈവീശി കാണിച്ചപ്പോൾ മുഹമ്മദ് റിയാസ് അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടിയാണ് സദസിന്റെ അഭിവാദ്യം ചെയ്തത്. സദസിലിരുന്ന റിയാസിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണ അത് മൊബൈൽ ഫോണിൽ പകർത്തിയതും കൗതുകമായി.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിടുകയും ഗവർണർ അതിന് അംഗീകാരം നൽകുകയും ചെയ്തതോടെ പൂർണം. കൊവിഡ് പ്രോട്ടോകോളും ഹൈക്കോടതി നിർദ്ദേശവും കർശനമായി പാലിച്ചു നടന്ന ചടങ്ങ് ഒരു മണിക്കൂർ 20 മിനിട്ടിട്ടെടുത്താണ് പൂർത്തിയായത്.