pinarayi-vijayan

​തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ തന്നെ മന്ത്രിസഭാംഗങ്ങളുടെ സമുദായ പ്രാതിനിധ്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. നായര്‍ സമുദായത്തിന് പ്രാമുഖ്യം നല്‍കിയ പാര്‍ട്ടികള്‍ ദളിതരെ അവഗണിച്ചെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാനത്തെ പതിനാറ് സംവരണ മണ്ഡലങ്ങളിൽ പതിനാലിലും ജയിച്ചത് എൽ ഡി എഫാണ്. എന്നിട്ടും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത് ദളിത് വിഭാഗത്തിൽപ്പെട്ട കെ രാധാകൃഷ്‌ണന് മാത്രമാണ്.

മന്ത്രിസഭയ്‌ക്ക് പുറത്ത് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും ദളിത് വിഭാഗത്തില്‍നിന്നാണ്. ജനപ്രതിനിധിയെന്ന നിലയിൽ സീനിയറായിട്ടും ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം നൽകി ഒതുക്കിയതിൽ സി പി ഐക്കുളളിൽ തന്നെ അമർഷം പുകയുന്നുണ്ട്.

മന്ത്രിസഭാംഗങ്ങളിൽ മൂന്നിലൊന്നും നായര്‍ സമുദായത്തില്‍നിന്നുള്ളവരാണ്. ഇരുപത്തിയൊന്നംഗ മന്ത്രിസഭയില്‍ ഏഴു പേരാണ് നായര്‍ സമുദായത്തില്‍നിന്നുള്ളത്. ഇതിനു പുറമേ സ്‌പീക്കറും ചീഫ് വിപ്പും നായര്‍ സമുദായക്കാര്‍ തന്നെ.

സര്‍ക്കാരിനെ നയിക്കുന്ന സി പി എമ്മില്‍ നിന്ന് നാലു മന്ത്രിമാരും സ്‌പീക്കറുമാണ് നായര്‍ സമുദായത്തില്‍നിന്നുള്ളത്. സി പി ഐയുടെ നാലില്‍ മൂന്നു മന്ത്രിമാരും ഇതേ സമുദായത്തില്‍നിന്നു തന്നെ. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ചീഫ് വിപ്പ് എന്‍ ജയരാജും നായരാണ്. കേരള ജനസംഖ്യയില്‍ 12.5 ശതമാനം മാത്രമുള്ള നായര്‍ സമുദായത്തിന് കാബിനറ്റ് പദവിയില്‍ 37.5 ശതമാനവും പ്രാതിനിധ്യം ലഭിച്ചു.

മുഖ്യമന്ത്രി അടക്കം അഞ്ച് ഈഴവ സമുദായ അംഗങ്ങളാണ് ഇക്കുറി മന്ത്രിസഭയില്‍ ഉള്ളത്. എല്‍ ഡി എഫിന് ആകെയുള്ള ഈഴവ എം എല്‍ എമാരുടെ എണ്ണം 26 ആണ്. സംസ്ഥാന ജനസംഖ്യയില്‍ 23 ശതമാനമാണ് ഈഴവ സമുദായംഗങ്ങൾ.